അതിരപ്പിള്ളി: മലക്കപ്പാറ റോഡിൽയാത്രികർക്ക് നേരെ കബാലിയുടെ ആക്രമണം. ഭയന്ന് കുന്നിൻ ചെരുവിലേക്ക് ചാടിയ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അമ്പലപ്പാറക്കും ഷോളയാറിനും ഇടയിലാണ് സംഭവം കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് റോഡിൽ കുടുങ്ങി കിടന്നിരുന്ന യാത്രക്കാരെയാണ് ആന ആക്രമിച്ചത്.
റോഡിൽ നിന്നിരുന്ന ആന പെട്ടന്ന് യാത്രക്കാർക്ക് നേരെ തിരിയുകയായിരുന്നു ഇതോടെ യാത്രക്കാരിൽ ചിലർ താഴ്ചയിലേക്ക് ചാടി. ഇതിൽ ഒരാൾ താഴേക്ക് ഊർന്ന് പോയെങ്കിലും മരത്തിൽ പിടിച്ചു രക്ഷപ്പെട്ടു.ആന ഈ ഭാഗത്ത് നിന്ന് മാറിയതിന് ശേഷം വനപാലകരും സഹയാത്രികറും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ ഉച്ച മുതൽ ആനമല പാതയിൽ വഴി മുടക്കി നിന്നിരുന്ന കബാലി രാത്രി വരെ റോഡിൽ നിന്നും മാറാതെ നിലയുറപ്പിച്ചിരുന്നു. ഇടക്ക് റോഡിൽ നിന്നും മാറിയെങ്കിലും വീണ്ടും റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ എട്ടോടെയാണ് ആന റോഡിൽ നിന്നും മാറിയത്. നിരവധി ആളുകളാണ് ഇന്നലെ മുതൽ കാനന പാതയിൽ കുടുങ്ങി കിടന്നത്. ഇതിനിടയിൽ ആന നാലുകാറുകൾ ആക്രമിച്ചു.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് കബാലി ഷോളയാറിനും അമ്പലപ്പാറ വാൽവ് ഹൗസിനും ഇടയിലെ റോഡിൽ നിലയുറപ്പിച്ചത്. വഴിയരികിലെ പനമരം ആന മറിച്ച് റോഡിന് കുറുകെയാണ് വീണത്. തുടർന്ന് പന തിന്നുന്നതിന് റോഡിൽ ഇറങ്ങിയ കബാലി മണിക്കൂറുകൾ വഴിയടച്ച് നിന്ന് തീറ്റ തുടർന്നു. ഇതിനിടയിൽ ഇരുവശങ്ങളിലും വാഹനനിര കിലോമീറ്ററുകളോളം നീണ്ടു.
ഓരോ വശങ്ങളിലും നൂറോളം വാഹനങ്ങൾ കുടുങ്ങികിടന്നു. കെഎസ്ആർടിസിയുടെ പത്തോളം വിനോദ യാത്രാബസുകളും സൗകര്യ ബസും കുരുക്കിൽപെട്ടു. അടുത്ത് എത്തിയ രണ്ടുകാറുകളും ആന ആക്രമിച്ചു. വനപാലകർ ഉടനെ സ്ഥലത്തെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
പട്ട തിന്നുകൊണ്ട് നിന്ന കബാലി റോഡിൽ നിന്നും മാറാൻ കൂട്ടാക്കിയില്ല. കൂടുതൽ ഉദ്യഗസ്ഥരെത്തി, ആനയെ തുരത്താൻ ശ്രമിച്ചു. ഒടുവിൽ രാത്രിയോടെയാണ് ആന മലമുകളിലേക്ക് തിരിഞ്ഞത്. പിന്നീട് കുറച്ചു വാഹനങ്ങൾ കടന്നു പോയെങ്കിലും വീണ്ടും കബാലി റോഡിൽ തന്നെ നിലയുറപ്പിച്ചു. ഇതോടെ വീണ്ടും ഗതാഗതം പൂർണമായി സ്തംഭിച്ചു രാവിലെ എട്ടുവരെ റോഡിൽ നിലയുറപ്പിച്ച ആന ഷോളയാർ ഭാഗത്ത് നിന്നും 16 കിലോമീറ്റർ റോഡിലൂടെ നടന്നു ആനക്കയം ഭാഗത്ത് വെച്ചാണ് കാട് കയറിയത്.
ഒരു മാസത്തിനിടെ രണ്ടാം വട്ടമാണ് കബാലി റോഡിലിറങ്ങി വാഹനങ്ങൾ തടയുന്നത് തുടർച്ചയായി ഗതാഗത തടസം ഉണ്ടാക്കുകയും വഹനങ്ങൾ ആക്രമിക്കുകയും ചെയ്യുന്ന ആനയെ കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.