മുണ്ടക്കയം: ആരോഗ്യമേഖലയിൽ ആധുനിക നിലവാരത്തിലുള്ള കൂടുതൽ സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള മുണ്ടക്കയം ഫാമിലി ഹെൽത്ത് സെന്ററില്‍ രാത്രികാല കിടത്തിചികിത്സയുടെയും എക്സ്റേ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിലെ സമ്പൂര്‍ണ പരിരക്ഷ ലക്ഷ്യംവച്ച് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുമ്പോള്‍ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു. മെഡിക്കല്‍ കോളജുകളില്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രചരിപ്പിക്കുകയാണ് ചിലർ. അവയവമാറ്റ ശസ്ത്രക്രിയയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് കോട്ടയം മെഡിക്കല്‍ കോളജ്. കഴിഞ്ഞ ദിവസവും അത്തരം ശസ്ത്രക്രിയകള്‍ വിജയകരമായി ചെയ്യാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്തംഗം പി.ആര്. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. പ്രദീപ്, ഷക്കീല നസീർ, ടി.ജെ. മോഹനൻ, ടി.എസ്. കൃഷ്ണകുമാർ, സാജൻ കുന്നത്ത്, അനു ഷിജു, ഡോ. വ്യാസ് സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2020 – 25 ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഈ ആശുപത്രിയില്‍ മൂന്നു 3.55 കോടി രൂപയുടെ വികസന-സേവന പ്രവർത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.

