പത്തനംതിട്ട: വന്യമൃഗ ശല്യം തടയുന്നതിനായി ചിറ്റാര്‍ ആമക്കുന്ന് വനാതിര്‍ത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗിന്റെ ബാറ്ററിയും തദ്ദേശവാസികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിംഗ് ബാറ്ററികളും മോഷണം ചെയ്തെടുത്ത് വില്പന നടത്തിയ രണ്ടുപേരെ ചിറ്റാര്‍ പോലീസ് പിടികൂടി. ചിറ്റാര്‍ നീലിപിലാവ് പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ അബ്ദുള്‍ ലത്തീഫ് (50), പ്ലാംകൂട്ടത്തില്‍ വീട്ടില്‍ സജീവ് (34) എന്നിവരാണ് അറസ്റ്റിലായത്.
മോഷണം ചെയ്തെടുത്ത ബാറ്ററികള്‍ ആക്രിക്കടയിലും ബാറ്ററികടയിലുമായി ഇവര്‍ വില്പന നടത്തിയിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടയില്‍ നിന്നും ബാറ്ററിക്കടയില്‍ നിന്നുമായി അപഹരിക്കപ്പെട്ട രണ്ടു ബാറ്ററികള്‍ പോലീസ് വീണ്ടെടുക്കുകയും ചെയ്തു.
വനംവകുപ്പ് സ്ഥാപിച്ചിരുന്ന സോളാര്‍ ഫെന്‍സിങ്ങിന്റെ 15,000 രൂപയോളം വില വരുന്ന ബാറ്ററിയും ചിറ്റാര്‍ സ്വദേശികളായ ദീപ്തി ഭവനില്‍ ബാലകൃഷ്ണപിള്ളയുടെ റബര്‍തോട്ടത്തിന് ചുറ്റുമുള്ള സോളാര്ഫെന്സിംഗിന്റെ 6000 രൂപയോളം വില വരുന്ന ബാറ്ററിയും പുളിമൂട്ടില്‍ വീട്ടില്‍ സോമരാജന്റെ പുരയിടത്തില്‍ സ്ഥാപിച്ചിരുന്ന 7500 രൂപ വില വരുന്ന ബാറ്ററിയുമാണ് ഇവര്‍ മോഷ്ടിച്ചത്.
ചിറ്റാര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആക്രി കടകളും ബാറ്ററി കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടാനായത്.
അന്വേഷണ സംഘത്തില്‍ എഎസ്ഐ അനില്‍കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാർ, സുമേഷ്,സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, പ്രണവ്, സജിന്‍ എന്നിവര്‍ പങ്കാളികളായി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ചിറ്റാര്‍ പോലീസ് അറിയിച്ചു.

