ടോക്കിയോ: പുതുതായി അധികാരമേറ്റ ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രി സനായ് തകായ്ചിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ധാതുക്കളുടെയും അപൂർവ ലോഹങ്ങളുടെയും വിതരണത്തിനുള്ള കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
നിർണായക ധാതുക്കളുടെയും അപൂർവ ഭൗമ ലോഹങ്ങളുടെയും ശേഷി കൈവരിക്കുന്നതിലും വിതരണ ശൃംഖലകൾ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കുക എന്നതാണു കരാറിന്റെ ലക്ഷ്യമെന്നു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ചയാണു ട്രംപ് ജപ്പാനിലെത്തിയത്. ജപ്പാനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കുള്ള നികുതി 15 ശതമാനമാക്കുന്നതിനും അമേരിക്കയിൽ ജപ്പാൻ 550 ബില്യൺ യുഎസ് ഡോളർ നിക്ഷേപത്തിനും കരാറായി.
ടോക്കിയോയ്ക്കടുത്തുള്ള അമേരിക്കൻ നാവികതാവളത്തിൽ നങ്കൂരമിട്ടിരിക്കുന്ന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ് വാഷിംഗ്ടൺ സന്ദർശനത്തിൽ ട്രംപ് ജപ്പാനീസ് പ്രധാനമന്ത്രിയെ കൂടെക്കൂട്ടി. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ദക്ഷിണകൊറിയയിലേക്ക് ജപ്പാനിൽനിന്ന് ഇന്നു ട്രംപ് പോകും.

