പാലാ: 84 വയസ് പ്രായം എന്നത് റിട്ട. പ്രഫസർ സെബാസ്റ്റ്യന്‍ കദളിക്കാട്ടിലിന് വെറും നന്പർ മാത്രം. ഈ മാസം തിരുവല്ലയില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം നാല് വ്യക്തിഗത സ്വര്‍ണമെഡലും റിലേയില്‍ രണ്ടു സ്വര്‍ണ മെഡലുകളും കരസ്ഥമാക്കി.
14 വര്‍ഷമായി 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന പ്രഫ. സെബാസ്റ്റ്യൻ 2011 മുതല്‍ മത്സരരംഗത്തുണ്ട്. ഓരോ തവണയും തന്റെതന്നെ റിക്കാര്‍ഡുകള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കുട്ടിയായിരുന്നപ്പോള്‍ വീടിനു സമീപമുള്ള ളാലം തോട്ടില്‍ നീന്തിക്കുളിച്ചതിന്റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം 2011ല്‍ പാലായില്‍ നടന്ന പ്രഥമ മാസ്റ്റേഴ്സ് അക്വാറ്റിക് മത്സരത്തിനിറങ്ങിയത്.
ആദ്യ മത്സരത്തില്‍തന്നെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടി. തുടര്‍ന്ന് തോപ്പന്‍സ് അക്കാഡമിയില്‍ പരിശീലനം. പിന്നീട് പങ്കെടുത്ത എല്ലാ മാസ്റ്റേഴ്സ് മത്സരത്തിലും അദ്ദേഹം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.
പത്തോളം നാഷണല്‍ മത്സരങ്ങളിൽ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും സാധിച്ചു. അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് മൂന്നു രാജ്യങ്ങളില്‍നിന്നായി ആറ് സ്വര്‍ണമെഡലുകള്‍ ഉള്‍പ്പെടെ 13 മെഡലുകള്‍ സ്വന്തമാക്കി. പാലാ സെന്റ് തോമസ് കോളജില്‍ 30 വര്‍ഷം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.

