പാലാ: ബ്രിട്ടനിലെ സ്റ്റോര്പോര്ട്ട് ഓണ് സെവേണ് ക്രിക്കറ്റ് ക്ലബ് അവരുടെ വാര്ഷിക ഇന്ത്യാ ടൂറിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജിലെത്തുകയും കോളജിലെ സ്റ്റാഫ് അംഗങ്ങള് ഉള്പ്പെട്ട ടീമുമായി സൗഹൃദമത്സരം നടത്തുകയും ചെയ്തു. സെന്റ് തോമസ് കോളജിലെ അധ്യാപകരും അനധ്യാപകരും ഉള്പ്പെട്ട ടീം 23 റണ്സിന് വിജയം സ്വന്തമാക്കി.
കായിക പ്രോത്സാഹനം, യുവതാരങ്ങളുമായുള്ള സംവാദങ്ങള്, സൗഹൃദ മത്സരങ്ങള്, സാംസ്കാരിക ഇടപെടലുകള് എന്നിവ ലക്ഷ്യമാക്കി സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ചതാണ് ഈ യാത്ര. സ്റ്റോര്പോര്ട്ട് ക്രിക്കറ്റ് ക്ലബ് ഇംഗ്ലണ്ടില് 1884 മുതല് വിവിധ ലീഗുകളില് കളിച്ചു വരുന്നതാണ്.
സന്ദര്ശക സംഘാംഗങ്ങള് കോളജിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായികസൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും സന്ദര്ശിക്കുകയും ഏറെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും അടുത്ത വര്ഷവും സെന്റ് തോമസ് കോളജ് സന്ദര്ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
മത്സരത്തില് പങ്കെടുത്ത ഇരു ടീമുകളിലെയും കളിക്കാരെ കോളജ് പ്രിന്സിപ്പല് ഡോ. സിബി ജയിംസ്, വൈസ് പ്രിന്സിപ്പല് റവ. ഡോ. സാല്വിന് തോമസ് കാപ്പിലിപ്പറമ്പില്, ബര്സാര് ഫാ. മാത്യു ആലപ്പാട്ടുമേടയില് എന്നിവര് അഭിനന്ദിച്ചു.

