ചാത്തന്നൂർ: ജലഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു.വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമാകുന്നതോടെ ദേശീയ പാതയിലൂടെയും മറ്റ് റോഡുകളിലൂടെയും കണ്ടെയ്നറുകളുടെ നീക്കം സജീവമാകുമ്പോൾ റോഡ് ഗതാഗതം ദുഷ്കരമാകുമെന്ന വിലയിരുത്തലും ഇതിന് പിന്നിലുണ്ട്. വിനോദ സഞ്ചാരവും ജലഗതാഗതത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ജലഗതാഗതത്തിൽ ചരക്കു നീക്കത്തിനാണ് പ്രാധാന്യം നല്കുന്നത്. ചരക്കുനീക്കത്തിന് ഉപകരിക്കുന്ന തരത്തിൽ വലിയ ബോട്ടുകൾ വാങ്ങും. നാലോ അഞ്ചോ കണ്ടെയ്നറുകൾ വഹിക്കാൻ കഴിയുന്ന റോറോബോട്ട് ഉടൻ ജലഗതാഗതവകുപ്പ് രംഗത്തിറക്കും. പൂർണമായും സോളാർ ഊർജ്ജം കൊണ്ടാണ് ഈ ബോട്ട് പ്രവർത്തിക്കുന്നത്.
ഇത്തരത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യ ബോട്ടാണ് ജലഗതാഗതവകുപ്പ് രംഗത്തിറക്കുന്നതെന്നും ഇത് അന്തർദേശീയ നിലവാരത്തിലുള്ളതായിരിക്കുമെന്നും മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു.കേരളത്തിലെ ഇൻലാൻഡ് വാട്ടർവേയ്സ് സജ്ജമായി കഴിഞ്ഞു. ജലഗതാഗതത്തിലൂടെ ചരക്കുനീക്കം നടത്തുമ്പോൾ സമയമെടുക്കുമെങ്കിലും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും.
ജലഗതാഗതവകുപ്പിന്റെ അധീനതയിലുള്ള ബോട്ടു ജെട്ടികളിൽ പകുതിയും സോളാർ എനർജി കൊണ്ട് പ്രവർത്തിപ്പിക്കാൻ സജ്ജമാക്കും.
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് എല്ലാ ബോട്ടു ജെട്ടികളും സോളാർ ഊർജത്തിൽ പ്രവർത്തിപ്പിക്കുന്നതാക്കി മാറ്റും.കെ എസ് ആർടിസി നടത്തുന്ന ബജറ്റ് ടൂറിസം മാതൃകയിൽ ജലഗതാഗതവകുപ്പും ബജറ്റ് ടൂറിസം പദ്ധതി തുടങ്ങും.
ആലപ്പുഴ ജില്ലയിലെ പാതിരാമണൽ, മുഹമ്മ എന്നിവിടങ്ങളും കണ്ണൂർ ജില്ലയിലെ പറശിനികടവ്, കൊല്ലം ജില്ലയിലെ മൺട്രോതുരുത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ജല ഗതാഗത വിനോദസഞ്ചാര പദ്ധതി ആദ്യഘട്ടത്തിൽ പ്ലാൻ ചെയ്യുന്നത്.
കേരളത്തിന്റെ സാംസ്കാരികവും പൈതൃകവുമായ കാഴ്ചകൾ കാണാനും അടുത്തറിയാനും അവസരമൊരുക്കുന്നതായിരിക്കും ജലഗതാഗത ടൂറിസം പദ്ധതി. ഇതിനാവശ്യമായ സോളാർ ബോട്ടുകൾ വാങ്ങുമെന്നും മന്ത്രി കെ.ബി.ഗണേശ് കുമാർ സ്വന്തം റീൽസിലൂടെ അറിയിച്ചു.
- പ്രദീപ് ചാത്തന്നൂർ

