ചെങ്ങന്നൂർ: സവീസ് സെന്ററിൽ വാഹനം പിന്നോട്ടെടുത്തതിനെത്തുടർന്ന് ജീവനക്കാരൻ വാഹനത്തിനും ഭിത്തിക്കുമിടയിൽ ഞെരിഞ്ഞമർന്നു മരിച്ചു. പ്രാവിൻകൂടിനു സമീപം പ്രവർത്തിക്കുന്ന പ്രമുഖ കാർ ഷോറൂമിന്റെ സർവീസ് സെന്ററിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമുണ്ടായ അപകടത്തിൽ സർവീസ് വിഭാഗം ഫ്ലോർ ഇൻചാർജാണ് ദാരുണമായി മരിച്ചത്. ഇടയാറന്മുള പൊയ്കയിൽ ചന്ദ്രൻ പിള്ളയുടെ മകൻ അനന്തു (32) ആണ് മരണപ്പെട്ടത്.
സർവീസ് സെന്ററിനുള്ളിൽ ജീവനക്കാരൻ അറ്റകുറ്റപ്പണികൾക്കായുള്ള വാഹനം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. പിന്നിൽ അനന്തു നിൽക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.
വാഹനം പിറകോട്ട് എടുക്കുന്നതിനിടെ അനന്തു വാഹനത്തിനും സർവീസ് സെന്ററിന്റെ ഭിത്തിക്കും ഇടയിൽ കുടുങ്ങി ഞെരിഞ്ഞമരുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ തന്നെ സഹപ്രവർത്തകർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച അനന്തുവിന്റെ ഭാര്യ: വി. പാർവതി. മകൾ: എ. അദ്വിക, അമ്മ: വത്സല.

