അമ്പലപ്പുഴ: കൊയ്തെടുത്ത നെല്ലെടുക്കാൻ ആരുമില്ല. 28 ലക്ഷത്തോളം രൂപയുടെ നെല്ല് മഴയിൽ നശിക്കുന്നു. കൃഷി ഉപേക്ഷിക്കാൻ തയാറായി കർഷകർ. പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് കിഴക്ക് 90 ഏക്കറുള്ള പാര്യക്കാട് പാടശേഖരത്തിലാണ് ഒരാഴ്ചയായി നെല്ല് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. 64 കർഷകരാണ് ഇവിടെയുള്ളത്.
പുന്നപ്ര പൂന്തറ വടക്ക് പാടശേഖരത്തിലെ കൊയ്ത്ത് കഴിഞ്ഞ് 16 ദിവസമായ നെല്ല് മഴയിൽ കിളർത്തു. ഇവിടെയും ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.പത്തു ദിവസം മുൻപാണ് പാര്യക്കാട് പാടത്ത് രണ്ടാം കൃഷിയുടെ കൊയ്ത്ത് നടന്നത്. ഒരേക്കറിന് 25 ഓളം ക്വിന്റൽ നെല്ല് ലഭിച്ചു. പത്തു ടണ്ണോളം നെല്ലാണ് പാടവരമ്പത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്നത്.
കൊയ്ത്ത് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷം നെല്ല് നോക്കാനായി മില്ലുകാരുടെ ഏജന്റ് എത്തി. നല്ല നെല്ലാണെന്നും രണ്ടു ദിവസം കഴിഞ്ഞ് നെല്ലെടുക്കാൻ വരാമെന്നും പറഞ്ഞ് മടങ്ങിയ ഏജന്റ് ഇതുവരെ എത്തിയില്ല.
ഇതിനിടെ കർഷകർ പല തവണ മങ്കൊമ്പ് പാഡി ഓഫീസിലും കൃഷിവകുപ്പിലുമൊക്കെ നെല്ല് കെട്ടിക്കിടക്കുന്ന വിവരമറിയിക്കുകയും ചെയ്തു. എന്നാൽ, രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ലെടുക്കാൻ ആരുമെത്തിയില്ലെന്നാണ് കർഷകർ പറയുന്നത്. മില്ലുകാരുടെ ഏജന്റ് നെല്ലിന് കിഴിവൊന്നും ആവശ്യപ്പെട്ടില്ല.
എങ്കിലും എത്ര കിഴിവ് നൽകാൻ തയാറാണെന്നും എങ്ങനെയെങ്കിലും തങ്ങളുടെ അധ്വാനത്തിന്റെ ബാക്കി പത്രമായ നെല്ലെടുത്തുകൊണ്ടു പോയാൽ മതിയെന്നുമാണ് കർഷകർ പറയുന്നത്. കഴിഞ്ഞ തവണ ക്വിന്റലിന് രണ്ടു കിലോ കിഴിവ് മാത്രമാണ് നൽകിയത്. ഇത്തവണ സംഭരണം വൈകിയതോടെ നെല്ല് കിളിർത്തു. കൊയ്ത നെല്ല് സംഭരിക്കാതെ വന്നതോടെ പാടശേഖരത്ത് ശേഷിക്കുന്ന നെല്ല് കൊയ്യാതെയിട്ടിരിക്കുകയാണ്.
ഇനി പകുതിയോളം ഭാഗം കൊയ്യാനുണ്ട്. മഴ കനത്തതോടെ ഇനി യന്ത്രമുപയോഗിച്ച് കൊയ്താൽ യന്ത്രം താഴും. കനത്ത മഴയിൽ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് നനയാതിരിക്കാൻ പാടുപെടുകയാണ് പാവപ്പെട്ട കർഷകർ. റോഡിന്റെയും പാടശേഖരത്തിന്റെയും വശങ്ങളിലായി ടാർപ്പോളിൻ കൊണ്ട് മൂടിയിട്ടിരിക്കുകയാണ് നെല്ല്.
കൊയ്ത്ത് പൂർത്തിയായാലുടൻ തന്നെ നെല്ല് സംഭരിക്കുമെന്ന സർക്കാർ ഉറപ്പ് കാറ്റിൽപ്പറന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. ഇങ്ങനെയെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് കർഷകർ പറയുന്നു.
നെല്ലുവില വർധന കർഷകരോഷം ശമിപ്പിക്കാൻ പര്യാപ്തമല്ലെന്ന് 
ചമ്പക്കുളം: നെൽകാർഷിക മേഖല സർക്കാരിന്റെ കടുത്ത അവഗണന മൂലം ഭീകരമായ പ്രതിസന്ധി നേരിടുകയാണ്. വിത്തിന്റെ ലഭ്യത മുതൽ നെല്ലിന്റെ വില ലഭ്യമാകുന്നതുവരെ വളരെയേറെ പ്രതിസന്ധികൾ നേരിട്ടാണ് നെൽകൃഷി മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് നെൽ കർഷക സംരക്ഷണ സമിതി ആരോ പിച്ചു.
കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി കേന്ദ്ര ഗവൺമെന്റ് വർധിപ്പിച്ച എംഎസ്പിയുടെ ആനുകൂല്യമായ 501 രൂപ ഒരു ക്വിന്റലിൽ വെട്ടിക്കുറച്ച നടപടി തീർത്തും പ്രതിഷേധാർഹമാണ്. യഥാർഥത്തിൽ കേരളത്തിൽ ഒരു ക്വിന്റൽ നെല്ലിന്റെ വില കേന്ദ്ര എംഎസ്പി പ്രകാരം 2369 രൂപയും സംസ്ഥാന പ്രോത്സാഹന വിഹിതമായ 9 രൂപ 52 പൈസയും ചേർത്ത് 33 രൂപ 21 പൈസ ലഭ്യമാകണം എന്നിരിക്കെ, തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ കേവലം 30 രൂപയാക്കിയത് ഒരു രീതിയിലും നീതീകരിക്കാൻ ആവില്ല.
മില്ലുടമസ്ഥരുടെ സമ്മർദത്തിനു വഴങ്ങി, എന്തു വിട്ടുവീഴ്ചയും ചെയ്യുന്ന സംസ്ഥാന ഗവൺമെന്റ് കേന്ദ്ര ഗവൺമെന്റ് വർധിപ്പിച്ച മുഴുവൻ എംഎസ്പിയുടെ ആനുകൂല്യവും കർഷകർക്ക് ലഭ്യമാക്കണമെന്നും ഒന്നാം വിളയുടെ നെല്ല് സംഭരണം ആരംഭിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.ഇതിന് തയാറാവാതിരുന്നാൽ അതിശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സമിതി തീരുമാനിച്ചു.
പുഞ്ചകൃഷി താമസിക്കുന്നതും സംഭരണം നടക്കാത്തതും കൃഷിവകുപ്പിന്റെ അനാസ്ഥമൂലം: കര്‍ഷക കോണ്‍ഗ്രസ് 
ആലപ്പുഴ: പുഞ്ചകൃഷിക്ക് ആവശ്യമായ എന്എസ്സിയുടെ വിത്ത് കൃത്യസമയത്ത് കര്‍ഷകര്‍ക്ക് എത്തിക്കുമെന്ന് നല്കിയ ഉറപ്പ് കൃത്യസമയത്ത് പാലിക്കാന്‍ കഴിയാത്തത് കൃഷിവകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണെന്നു കര്‍ഷക കോണ്‍ഗ്രസ്.
കര്‍ഷകര്‍ക്ക് നല്കാന് എത്തിച്ച എന്‍എസ്ഇയുടെ വിത്ത് കിളിർക്കാത്തതുമൂലം തിരിച്ചയച്ചു എന്നുമുള്ള ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം തട്ടിപ്പാണെന്നും കര്‍ഷക കോണ്‍ഗ്രസ് അമ്പലപ്പുഴ, കുട്ടനാട് സംയുക്തനിയോജക മണ്ഡലം കമ്മിറ്റികള്‍ ചൂണ്ടിക്കാട്ടി.
തകഴി പഞ്ചായത്തിലെ പാടശേഖരങ്ങള്‍ ഒഴിച്ച് കായല്‍ നിലങ്ങള്‍ക്കും നെടുമുടി, ചമ്പക്കുളം, മുട്ടാര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങള്‍ക്കും നാളിതുവരെ ആവശ്യമായ വിത്ത് ലഭ്യമായിട്ടില്ലെന്നും മണ്ഡലം കമ്മിറ്റികള്‍ കുറ്റപ്പെടുത്തി.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പന്‍ സംയുക്ത യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. കുഞ്ഞുമോന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തോമസുകുട്ടി മുട്ടശേരി, ജോര്‍ജുകുട്ടി മണ്ണുപറമ്പില്‍, പാപ്പച്ചന് കരുമാടി, സിറില്‍ നരയത്ത്, സിബിച്ചന് പുതുവാത്ര, ജോര്‍ജുകുട്ടി പുറവടിക്കളം എന്നിവര്‍ പ്രസംഗിച്ചു.


 
  
 