മാന്നാർ: ജീവിതംകൊണ്ട് ലോകത്തോട് സാക്ഷ്യം പറയേണ്ട ഉത്തരവാദിത്വം നമുക്ക് ഉണ്ടെ ന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
വിവേകത്തോടെ മനസുകളെ ചേർത്തുപിടിക്കാനും മനസിലാക്കാനും എസ്ഡിഒഎഫ് പ്രവർത്തകരിലൂടെ സമൂഹത്തിനു സാധ്യമാകട്ടെയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
പരുമലയെ വ്യത്യസ്തമാക്കുന്നത് സർവർക്കും സമാരാധ്യനായ ഗുരുവിന്റെ ജീവിതംമൂലമാണെന്ന് മുഖ്യ സന്ദേശം നൽകിയ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്. ദൈവത്തോടും സഭയോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വങ്ങൾ ദൈവത്തിനും മനുഷ്യർക്കും മുമ്പിൽ നീതീകരിക്കപ്പെട്ട് നിർവഹിക്കാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
വൈദിക ട്രെസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ബിജു ടി. മാത്യു പുത്തൻകാവ് , ഫാ. ജെ. മാത്യുകുട്ടി, അൽമായ ട്രസ്റ്റി റോണി വർഗീസ്, കേന്ദ്ര ജനറൽ സെക്രട്ടറി ഷിബു കെ. ഏബ്രഹാം കേന്ദ്ര ട്രഷറാർ ഉമ്മൻ ജോൺ എന്നിവർ പ്രസംഗിച്ചു.

