യുപിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തും ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ പഴയ പേരുകൾ മാറ്റാനുള്ള ആവശ്യം ശക്തം. ന്യൂഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്ന് ചൂണ്ടിക്കാട്ടി അമിത് ഷായ്ക്ക് ചാന്ദ്നി ചൗക്ക് എംപി പ്രവീൺ ഖണ്ഡേൽവാളുടെ കത്ത്. ന്യൂഡൽഹി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ പേരും മാറ്റണമെന്ന് പ്രവീൺ ഖണ്ഡേൽവാൾ അയച്ച കത്തിൽ ആവശ്യപ്പെട്ടു.
മഹാഭാരതത്തിൽ പഞ്ച പാണ്ഡവൻമാർ യുമനാനദീ തീരം തലസ്ഥാന നഗരിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിയുടെ ആവശ്യം. സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ പരിഗണിച്ച് തലസ്ഥാന നഗരത്തിന്റെ പേര് തന്നെ മാറ്റി രാജ്യത്തിന്റെ യശസ് ഉയർത്തിപ്പിടിക്കണമെന്നും കത്തിൽ പറയുന്നു.
അതേസമയം, ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ പാർലമെന്റിലോ നിയമസഭയിലോ ബിൽ കൊണ്ടുവന്ന് പാസാക്കണം. കേന്ദ്ര സർക്കാരോ മുതിർന്ന ബിജെപി നേതാക്കളോ കത്തിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

