ബാർസലോണ: സ്പെയിനിലെ ബാർസലോണ നഗരത്തിൽ ഒന്നര നൂറ്റാണ്ടായി നിർമാണം പുരോഗമിക്കുന്ന തിരുക്കുടുംബ സഗ്രാദ ഫമീലിയ ബസിലിക്ക ലോകത്തിലെ ഏറ്റവും ഉയരമുള്ള പള്ളി എന്ന ബഹുമതി സ്വന്തമാക്കി. ബസിലിക്കയിലെ ‘ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്’ എന്ന മുഖ്യ ഗോപുരത്തിൽ കുരിശിന്റെ ഒരു ഭാഗം ഘടിപ്പിച്ചതോടെ ഉയരം 162.91 മീറ്ററായി.
ജർമനിയിലെ ഉലം മ്യൂൺ സ്റ്റർഎന്ന പ്രൊട്ടസ്റ്റന്റ് പള്ളി 1890 മുതൽ കൈവശംവച്ച 161.53 മീറ്ററിന്റെ റിക്കാർഡാണു മറികടന്നത്. മുഖ്യ ഗോപുരത്തിൽ കുരിശ് മുഴുവനായി ഘടിപ്പിച്ചുകഴിയുന്പോൾ തിരുക്കുടുംബ ബസിലിക്കയുടെ ഉയരം 172 മീറ്റർ ആകും.
വിശ്വപ്രസിദ്ധ സ്പാനിഷ് വാസ്തുശില്പി ആന്റണി ഗൗഡി രൂപകല്പന ചെയ്ത തിരുക്കുടുംബ ദേവാലയത്തിന്റെ നിർമാണം 1882ൽ തുടങ്ങിയതാണ്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഈ ഭീമൻപള്ളിയിൽ 18 ഗോപുരങ്ങളാണുള്ളത്. 1926ൽ ഗൗഡി മരിക്കുന്പോൾ ഒരു ഗോപുരം മാത്രമാണ് പൂർത്തിയായിരുന്നത്. പലവിധ കാരണങ്ങളാൽ പള്ളിയുടെ നിർമാണപ്രവർത്തനങ്ങൾ നീളുകയായിരുന്നു.

