കണ്ണൂർ: റെയിൽവേ സ്റ്റേഷനിൻ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥനു നേരേ ആക്രമണം. മലപ്പുറം എടപ്പാൾ സ്വദേശിയായ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ പി. ശശിധരനു നേരേയാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രി 11.45 ഓടെ ലേഡീസ് വിശ്രമ മുറിയുടെ സമീപത്താണു സംഭവം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഉദ്യോഗസ്ഥൻ പ്ലാറ്റ്ഫോമിൽ അലസമായി കിടന്നുറങ്ങിയ ധനേഷിനെ വിളിച്ചുണർത്തിയപ്പോൾ ഇയാൾ ആക്രമിക്കുകയായിരുന്നു.
പ്രതി ഉദ്യോഗസ്ഥനെ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും യൂണിഫോമിന്റെ കോളറിൽ പിടിച്ചുവലിച്ചും കൈകൊണ്ടടിച്ചും പല്ല്കൊണ്ട് കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥന്റെ പരാതിയിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റെയിൽവേയിൽ താത്കാലിക ജീവനക്കാരനാണ് ധനേഷ്.

