മതേതര ഇന്ത്യയിൽ, മതവിവേചനത്തിന്റെയും അക്രമോത്സുകതയുടെയും പുതിയൊരു പരീക്ഷണംകൂടി ഹിന്ദുത്വ വിജയകരമായി നടപ്പാക്കിയിരിക്കുന്നു. ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രൈസ്തവരെയും നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചുകൊണ്ടാണ്, സ്ഥാപനവത്കരിക്കപ്പെട്ട വർഗീയതയുടെ പുത്തൻ രഥയാത്ര. ഇതിനെതിരേയുള്ള ഹർജി തള്ളിക്കൊണ്ട്, സംഭവം ഭരണഘടനാവിരുദ്ധമല്ലെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു.
ന്യൂനപക്ഷവിരുദ്ധ ആൾക്കൂട്ട വിചാരണക്കാരും കൊലപാതകികളും ദളിത്-ആദിവാസി പീഡകരും നിർബന്ധിത ഘർവാപ്പസിക്കാരുമൊന്നും നിരോധിക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്തെ ഈ വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യേണ്ടതാണ്. പക്ഷേ, ഒരു മുന്നറിയിപ്പുണ്ട്; ഹിന്ദുത്വയുടെ ഈ അധിനിവേശത്തെ ചെറുക്കേണ്ടത് മറ്റു വർഗീയതകളെയും തീവ്രവാദത്തെയും ഒപ്പം നിർത്തിയല്ല. ‘അവസാനം അവർ നിങ്ങളെ തേടിയെത്തി’യെന്ന ഫാസിസ്റ്റ് വിരുദ്ധ കവിവാക്യങ്ങളെ ദുരുപയോഗിക്കുന്ന വർഗീയ-തീവ്രവാദത്തിന്റെയും പിന്തുണക്കാരുടെയും ഭീഷണി കലർന്ന പ്രലോഭനത്തിനു ചെവി കൊടുക്കരുത്. ഇന്ത്യയെ മതേതരമായി നിലനിർത്തേണ്ടത് ഒരു മതഭ്രാന്തിന്റെയും കൂട്ടുപിടിച്ചല്ല.
ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡിലെ കാൻകർ ജില്ലയിലുള്ള എട്ടു ഗ്രാമങ്ങളുടെയെങ്കിലും പ്രവേശന കവാടങ്ങളിൽ മതപരിവർത്തനക്കാരായ പാസ്റ്റർമാർക്കും പരിവർത്തിത ക്രൈസ്തവർക്കും പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിച്ചതിനെതിരേയുള്ള ഹർജി തള്ളിയതായി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിർബന്ധിത മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയവർ അതിന്റെ സാധ്യതകളെല്ലാം ഉപയോഗിച്ച് ക്രൈസ്തവരെ വേട്ടയാടുന്നതിനിടെയാണ് നിയമത്തെ പുതിയ തലത്തിൽ എത്തിച്ചിരിക്കുന്നത്.
ഇതിനെതിരേ കാൻകർ ജില്ലയിലെ ദിഗ്ബെൽ താൻഡി എന്നയാളാണ് കോടതിയിലെത്തിയത്. ഒക്ടോബർ 28ന് ചീഫ് ജസ്റ്റീസ് രമേഷ് സിൻഹ, ജസ്റ്റീസ് ബിദു ദത്ത ഗുരു എന്നിവരടങ്ങിയ ഛത്തീസ്ഗഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അവിശ്വസനീയമായ പരാമർശങ്ങളോടെ പൊതുതാത്പര്യ ഹർജി തള്ളി. പ്രലോഭിപ്പിച്ചോ വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ നിർബന്ധിത മതപരിവർത്തനം തടയുക എന്ന ഉദ്ദേശ്യത്തോടെ ഗ്രാമസഭയെടുത്ത തീരുമാനം പെസ നിയമത്തിന്റെ (Panchayat (Extension to Scheduled Areas) Act, 1996) അടിസ്ഥാനത്തിൽ ഭരണഘടനാ വിരുദ്ധമല്ലെന്നു കോടതി നിരീക്ഷിച്ചു.
ഫലകം സ്ഥാപിച്ചതിനെ അനുകൂലിച്ച് അഡിഷണൽ അഡ്വക്കറ്റ് ജനറലും കോടതിയിൽ നിലപാടെടുത്തു. ഹർജിക്കാരന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയ കോടതി ഹർജിക്കുമുന്പ് സാധ്യമായ മറ്റു പരിഹാരങ്ങൾക്കു ശ്രമിച്ചില്ലെന്നും പറഞ്ഞു. പക്ഷേ, നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം ഉണ്ടെന്നിരിക്കേ, ആദിവാസികളെ ഘർവാപ്പസിയെന്ന പേരിൽ മതപരിവർത്തനം നടത്തുന്നതു വ്യാപകമായിരിക്കേ…
നിരോധനം ക്രൈസ്തവർക്കു മാത്രമാണ്. ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങളിലെല്ലാം പോലീസും മറ്റു സർക്കാർ സംവിധാനങ്ങളും സംഘപരിവാറിന് അനുകൂലമായി മാത്രം നിലകൊള്ളുന്നതിനിടെ, കോടതിയിൽനിന്നുള്ള പരാമർശം ക്രൈസ്തവരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഘപരിവാറിന്റെ ആലയിൽനിന്നുള്ള പുതിയ ആയുധത്തിനു ലൈസൻസ് കിട്ടിയെന്നോ?
നിർബന്ധിത മതപരിവർത്തന നിരോധന നിയമം, പാക്കിസ്ഥാനിലെ മത-പ്രവാചക നിന്ദാ നിയമങ്ങളുടെ വഴിയിലാണെന്ന് ഇതേ കോളത്തിൽ മുന്നറിയിപ്പു നൽകിയിരുന്നതാണ്. പക്ഷേ, പാക്കിസ്ഥാനിൽപോലും ന്യൂനപക്ഷങ്ങളെ ഏതെങ്കിലും പ്രദേശത്ത് നിരോധിക്കുന്ന ബോർഡുകൾ സ്ഥാപിച്ചതായി കേട്ടിട്ടില്ല. മറ്റുള്ളവർക്കൊപ്പം യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ചു വളഞ്ഞുവച്ച് ആക്രമിക്കുന്നവർക്ക് ഛത്തീസ്ഗഡിലെ അതിർത്തി കടക്കുന്ന ഏതു ക്രൈസ്തവരെയും ഇനി കൈകാര്യം ചെയ്യാം!
നാളെ മറ്റെവിടെയും ഈ ബോർഡ് വയ്ക്കാം. ക്രൈസ്തവ പുരോഹിതർക്കും കന്യാസ്ത്രീകൾക്കും നിശ്ചിത വേഷത്തിൽ പൊതു ഇടങ്ങളിൽപോലും പ്രത്യക്ഷപ്പെടാനാകാത്ത, ബൈബിൾ കൊണ്ടുനടക്കാനാകാത്ത, ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കാനാകാത്ത, വർഗീയസംഘങ്ങളെ പേടിക്കാതെ ആരാധനാലയങ്ങളിൽ പ്രാർഥിക്കാനാകാത്ത, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്രമായി നടത്താനാകാത്ത, കാലിക്കടത്താരോപിച്ചും ഗോഹത്യ ആരോപിച്ചും മുസ്ലിംകളെ ഉൾപ്പെടെ തല്ലിക്കൊല്ലുന്ന, അധികാരത്തിന്റെ ബുൾഡോസറുകൾ ന്യൂനപക്ഷങ്ങൾക്കുമേൽ കയറ്റിയിറക്കുന്ന… പുതിയൊരിന്ത്യ യാഥാർഥ്യമാകുന്നു.
മതപരിവർത്തനം നടത്താനിടയുണ്ടെന്നാരോപിച്ച് ഏതെങ്കിലും പ്രദേശത്ത് ആളുകളെ നിരോധിക്കുന്നത് എങ്ങനെയാണ്? അങ്ങനെയെങ്കിൽ, നിയമം കൈയിലെടുത്ത് ന്യൂനപക്ഷങ്ങളെ ആൾക്കൂട്ടവിചാരണ നടത്തുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന വർഗീയ സംഘടനകളെയും, ഘർവാപ്പസിയെന്ന പേരിൽ ആദിവാസികളെ മതപരിവർത്തനം നടത്തുന്ന സംഘപരിവാറിനെയും, ദളിതരെയും ആദിവാസികളെയും മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന സവർണരെയുമൊക്കെ എത്രയെത്ര ഇടങ്ങളിൽ നിരോധിക്കേണ്ടിവരും!
വർഗീയതയുടെയും തീവ്രവാദത്തിന്റെയും മുൾവേലികൾക്കിടയിൽ ഞെരുങ്ങുന്ന മനുഷ്യർക്കുമുന്നിൽ അവസാനത്തെ രക്ഷാകവാടവും അടയുകയാണോ? ഒരു മതഭ്രാന്തിനെ ചെറുക്കാൻ അതിനോളം പോന്ന മറ്റൊന്നിനെ കൂട്ടുപിടിക്കാൻ ഇരകളിൽ ചിലരെയെങ്കിലും പ്രലോഭിപ്പിക്കുന്ന മതരാഷ്ട്രീയങ്ങളെയും അതിന്റെ സ്ഥാപനവത്കരണത്തെയും മതേതര പൗരന്മാരാണു തിരിച്ചറിയേണ്ടത്; സമാന്തര വർഗീയ-തീവ്രവാദ സംഘങ്ങളല്ല.
ഒരു പറ്റം മനുഷ്യരെ നിരോധിക്കുന്ന ഈ ബോർഡ് ഛത്തീസ്ഗഡിലല്ല, ഭരണഘടനയിലാണ് നാട്ടിയിരിക്കുന്നത്. രണ്ടാംതരം പൗരന്മാരെ ചൂണ്ടിക്കാണിക്കുന്ന ആ വിചാരധാരാ ഫലകം ഇന്ത്യാവിഭജനത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ അതിർത്തിരേഖയാണ്. വിഭജനത്തിന്റെ ചോര പൊടിയുന്ന മുന്നറിയിപ്പു വായിച്ചു മടങ്ങുന്നവർ ചോദിക്കുന്നു: “ഞങ്ങളുടേതുമല്ലേ ഇന്ത്യ?’’
