രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട കളിയായ ക്രിക്കറ്റിൽ, ഇന്ത്യൻ വനിതകൾ ലോകകപ്പ് സ്വന്തമാക്കി. സ്ത്രീകൾ പതിവായി പരിഹാസത്തിനും ഭീഷണിക്കും ഇരയാകുന്ന, അവർക്ക് ആഘോഷിക്കാൻ വലുതായൊന്നും നൽകാത്ത സമൂഹത്തിൽ, ഒരു സ്വപ്നസംഘം രാജ്യത്തിന് മുഴുവൻ ഒരുമിക്കാനും ആഘോഷിക്കാനുമുള്ള അപൂർവനിമിഷം സമ്മാനിച്ചിരിക്കുന്നു. ഭേദചിന്തകളില്ലാതെ മനുഷ്യമനസുകളെ ഒരുമിപ്പിക്കുന്ന സ്പോർട്സിന്റെ മഹത്തായ പാരന്പര്യവും ആവേശവും സ്പിരിറ്റും ഒട്ടും ചോരാതെ നമുക്ക് ഹൃദയപൂർവം ഈ ചുണക്കുട്ടികളെ അഭിനന്ദിക്കാം.
ലോകകപ്പിലേക്ക് ടീമിനോടൊപ്പമുള്ള ഓരോ കളിക്കാരിയുടെയും യാത്ര അവരുടെ ദൃഢനിശ്ചയത്തിനുള്ള തെളിവാണ്. കഴിഞ്ഞ ലോകകപ്പുകളിൽ ഇന്ത്യൻ വനിതകൾ എങ്ങനെ കളിച്ചു എന്നതൊന്നും 2025ലെ ലോകകപ്പ് വിജയത്തിൽ പ്രസക്തമേയല്ല. ആത്മവിശ്വാസക്കുറവ് ആഴമുള്ള ബോധ്യങ്ങളിലേക്കും വ്യക്തിഗതമികവുകൾ വിജയവഴികളിലേക്കും സ്വപ്നാടനങ്ങൾ ക്രീസിലേക്കും മൈതാനത്തെ ഓരോ പുൽക്കൊടിയിലേക്കും പരിവർത്തനം ചെയ്ത മഹത്തായ ടീമിന് വിജയിക്കാതെ വയ്യായിരുന്നു. ഹർമൻപ്രീത് കൗറും സംഘവും ചരിത്രത്തിന്റെ സുവർണതാളിലും ഇന്ത്യൻ ജനതയുടെ ആർദ്രഹൃദയങ്ങളിലും ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു.
നവിമുംബൈയിൽ പൊട്ടിത്തെറിച്ച ആഘോഷത്തിന് പാകിയ വിത്തുകളിലൊന്ന് 112 വർഷം മുന്പ് കേരളത്തിലാണെന്നതിൽ നമുക്ക് അഭിമാനിക്കാം. ഓസ്ട്രേലിയയിൽ ജനിച്ച സ്കൂൾ അധ്യാപിക ആനി കെല്ലവ് 1913ൽ കോട്ടയത്തെ ബേക്കർ മെമ്മോറിയൽ സ്കൂളിൽ പെൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് നിർബന്ധമാക്കിയ ആ നിമിഷത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഏകദിന ലോകകപ്പ് വിജയവുമായി ചേർത്തുവയ്ക്കുമ്പോൾ ചരിത്രത്തിലെ ചാരുദൃശ്യമായി അത് മാറുന്നു.
ഒരു നൂറ്റാണ്ടിനുശേഷം ഈ പെൺകുട്ടികളുടെ പിന്മുറക്കാർ ഒരു ലോകകപ്പ് വിജയത്തിലേക്കുള്ള അശ്വമേധത്തിൽ സ്വന്തം മാതൃരാജ്യത്തിന്റെ സ്വപ്നങ്ങൾ ചതച്ചരച്ചു കലാശക്കളിയിലേക്കും കിരീടത്തിലേക്കും പറന്നിറങ്ങുമെന്ന് ആ അർപ്പണബുദ്ധിയായ അധ്യാപിക സ്വപ്നേപി വിചാരിച്ചു കാണില്ല! ചരിത്രത്തിന്റെ ഗതി ക്രിക്കറ്റ് പന്തിന്റെ ചലനങ്ങളേക്കാൾ നിഗൂഢവും വശ്യവും തന്നെ!
വീഴ്ചകളിൽ പതറാതെ ഒരേയൊരു ലക്ഷ്യത്തിൽ മനസുറപ്പിച്ചുള്ള പോരാട്ടമാണ് ഇന്ത്യൻ വനിതകൾ നടത്തിയത്. അഞ്ചാഴ്ചയ്ക്കിടെ ഒന്പതു മത്സരങ്ങൾ. ഒടുവിലൊരു മായാരാവിൽ ലോകകിരീടവും. ഈ വർഷം ഓഗസ്റ്റിലാണ് ടീമിന്റെ നട്ടെല്ലായ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം അന്പത് ദിവസത്തെ കൗണ്ട്ഡൗൺ തുടങ്ങിയത്. 2011ൽ പുരുഷ ടീം സ്വന്തം മണ്ണിൽ സൃഷ്ടിച്ച അഭിമാനനിമിഷം പുനരാവിഷ്കരിക്കാനുള്ള ദൃഢനിശ്ചയം അവരിൽ പ്രകടമായിരുന്നു.
സ്വന്തം കാണികൾക്കു മുന്നിൽ ഒരു ലോകകപ്പ് വിനോദയാത്രയാകില്ലെന്ന് 2011ലെ ഹീറോ യുവരാജ് സിംഗ് നൽകിയ മുന്നറിയിപ്പ് അവർ ശ്രദ്ധാപൂർവം കേട്ടു. പുറംലോകത്തെ ശബ്ദങ്ങൾക്കുനേരേ കാതുകൾ കൊട്ടിയടച്ച് ഒരേ മനസും ശരീരവുമായി ലക്ഷ്യംമാത്രം മുന്നിൽ കാണാനായിരുന്നു യുവിയുടെ ഉപദേശം.അതവർ അക്ഷരംപ്രതി പാലിച്ചു. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനുമെതിരായ ആദ്യ രണ്ടു മത്സരങ്ങളിൽ ജയം. പിന്നെ കരുത്തരായ എതിരാളികളോട് തുടർച്ചയായ മൂന്നു തോൽവി.
സ്വന്തം കാണികൾക്കു മുന്നിലെ ലോകകപ്പിന്റെ സമ്മർദം അനുഭവിച്ചുതുടങ്ങുകയായിരുന്നു. ദശലക്ഷങ്ങളുടെ പിന്തുണയുടെ സമ്മർദം. വിമർശനങ്ങൾ അണപൊട്ടി. വിജയിക്കാമായിരുന്ന മത്സരങ്ങൾ എതിരാളികൾക്ക് താലത്തിൽ വച്ചുകൊടുത്തെന്ന ആരോപണമുയർന്നു. ഓപ്പണർമാരായ മന്ദാനയും പ്രതിക റാവലും റണ്ണൊഴുക്കിയെങ്കിലും മധ്യനിര സ്ഥിരമായി അസ്ഥിരമായി. ലോവർ മിഡിൽ ഓർഡർ നയിച്ച വിശ്വസ്തയായ ദീപ്തി ശർമയാണ് പലപ്പോഴും രക്ഷാപ്രവർത്തനം നടത്തിയത്. ദീപ്തി ഒടുവിൽ ടൂർണമെന്റിലെ താരവുമായി.
നാട്ടിലെ ലോകകപ്പ് ഊർജമെല്ലാം ചോർത്തിക്കളയും. തിരിച്ചടികൾക്കിടയിലും ലോകകപ്പ് നേടാമെന്ന എന്തോ ഒരു വിശ്വാസമാണ് ടീമിനെ വിടാതെ ചേർത്തുപിടിച്ചത്. ബംഗളൂരുവിനു പകരം നവിമുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയം ഉൾപ്പെടുത്തിയത് ടീമിന് ഭാഗ്യം കൊണ്ടുവന്നു. മഴയിൽ ഒലിച്ചുപോയ ബംഗ്ലാദേശിനെതിരായ മത്സരമൊഴികെ ഈ വേദിയിൽ കളിച്ച എല്ലാ കളിയിലും ഇന്ത്യ ജയിച്ചു. ഒടുവിൽ ഫൈനലിൽ, ടീമിലേക്കു തിരിച്ചുവിളിച്ച ഷെഫാലി വർമ ഉജ്വലപ്രകടനത്തിലൂടെ കളിക്കളം വാഴുകയും ചെയ്തു.
‘ചക്ദേ ഇന്ത്യ’ എന്ന സിനിമയിൽ ഷാറൂഖ് ഖാൻ അവതരിപ്പിച്ച കബീർ ഖാൻ എന്ന കഥാപാത്രത്തിന്റെ ശരിപ്പകർപ്പായി മാറിയ അമോൽ മുസുംദറെ ഓർക്കാതെ വയ്യാ. 2023 ഒക്ടോബറിലാണ് അദ്ദേഹത്തെ ഇന്ത്യൻ വനിതാടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്. കളിക്കാരനെന്ന നിലയിൽ 12 വർഷംമുമ്പ് ക്രീസ് വിട്ട അദ്ദേഹം ഒടുവിൽ പാണന്മാരുടെ വാഴ്ത്തുപാട്ടുകളിൽ ഇടംപിടിച്ചിരിക്കുന്നു.ക്രിക്കറ്റ് ജനിച്ചനാൾ തൊട്ടുള്ള മൊഴിയാണ് ‘Gentleman’s Game’ എന്നത്. അത് ഹർമൻപ്രീത് കൗറും സംഘവും തിരുത്തിയിരിക്കുന്നു.
“Cricket is Everyone’s Game” പുതിയ പ്രഖ്യാപനവുമായി അവർ ഇന്ത്യൻ കായികചരിത്രത്തിൽ പുതുയുഗപ്പിറവി കുറിച്ചിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും ലിംഗഭേദവും കൊടികുത്തിവാഴുന്ന ഇന്ത്യൻ കായികഭരണരംഗത്ത് അവരെയും സ്ത്രീശക്തിയെയും ഇടിച്ചുതാഴ്ത്താൻ ആരു ശ്രമിച്ചാലും ഈ അവിസ്മരണീയ വിജയത്തിന്റെ ആവേശവും ആത്മവിശ്വാസവുമായി ഈ രാഷ്ട്രത്തിന്റെ മുഴുവൻ പിന്തുണയും അവർക്കൊപ്പമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇനി മുഴങ്ങേണ്ടത്.
