കൊച്ചി: മുസ്ലിം പുരുഷന്മാര് രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട അഥോറിറ്റി ആദ്യഭാര്യയുടെ വാദം കൂടി കേള്‍ക്കണമെന്ന് ഹൈക്കോടതി. രണ്ടാം വിവാഹത്തെ ആദ്യ ഭാര്യ എതിര്‍ത്താല്‍, രജിസ്ട്രേഷന് അനുവദിക്കരുത്.
വിഷയം സിവില്‍ കോടതിയുടെ തീര്‍പ്പിന് വിടണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞു കൃഷ്ണന് വ്യക്തമാക്കി.വിവാഹ രജിസ്ട്രേഷന് നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരേ കണ്ണൂര്‍ കരുമത്തൂര്‍ മുഹമ്മദ് ഷരീഫും രണ്ടാം ഭാര്യയും സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഉത്തരവിലാണ് നിരീക്ഷണം.
2017ലാണ് ഇവര്‍ മതാചാരപ്രകാരം വിവാഹിതരായത്. യുവാവിന്റെ ആദ്യ വിവാഹബന്ധം നിലനില്‍ക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി വിവാഹ രജിസ്ട്രേഷന് നിരസിച്ചത്. മുസ്ലിം വ്യക്തി നിയമപ്രകാരം പുരുഷന് ബഹുഭാര്യത്വം അനുവദിക്കുന്നുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്കാന് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ബഹുഭാര്യത്വം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. എല്ലാ ഭാര്യമാരോടും നീതി പുലര്‍ത്താനും പോറ്റാനും കഴിയണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ലിംഗസമത്വം ഭരണഘടന നല്കുന്ന അവകാശമാണ്.
പുരുഷന് മേധാവിത്വമില്ല. അതുകൊണ്ട് രാജ്യത്തെ നിയമപ്രകാരമുള്ള നടപടികള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഭരണഘടനയെ ബഹുമാനിക്കണം. വ്യക്തി നിയമങ്ങളേക്കാള്‍ മുകളിലാണ് ഭരണഘടനയെന്നും കോടതി വ്യക്തമാക്കി.

