ഹൈദരാബാദ്: ഉറുമ്പുകളോടുള്ള ഭയത്തെ തുടർന്ന് രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കിയ നിലയിൽ. തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. 25കാരിയായ യുവതിയാണ് മരിച്ചത്.
2022 ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസുള്ള ഒരു മകളുണ്ട്. യുവതിയെ സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. യുവതിക്ക് ചെറുപ്പകാലം മുതൽതന്നെ ഉറുമ്പുകളോട് ഭയമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
രാവിലെ ജോലിക്ക് പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഭാര്യ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അമീൻപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

