തൃശൂര്‍: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു.
വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഎം ശ്രമമാണ് ഗണഗീത വിവാദം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
സ്കൂള്‍ ഗാനമായി ഗണഗീതം കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്നം?. അമ്മയെ സ്തുതിക്കുന്നതില്‍ എവിടെയാണ് വര്‍ഗീയതയെന്ന് അറിയില്ല. അമ്മയോടുള്ള സ്നേഹം തളിരിട്ടത് ഒരിക്കലും കൊഴിഞ്ഞു വീഴില്ല എന്നു പറയുന്നു. ഇതിലെന്താണ് കുഴപ്പം.
‘ഒരു ഗണഗീതവും എനിക്കറിയില്ല, എനിക്കത് പാടാനും അറിയില്ല, ശാഖയില്‍ പോകുന്നയാളല്ല. കോണ്‍ഗ്രസിന്റെ നേതാവ് കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി നിയമസഭയില്‍ തന്നെ ഗണഗീതം പാടി. കോണ്‍ഗ്രസ് ആദ്യം ശിവകുമാറിനെ തിരുത്തട്ടെ. അതുപോലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പല നേതാക്കന്മാര്ക്കും ഗണഗീതം കാണാതെ പാടാന്‍ അറിയാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് കൂട്ടിച്ചേർത്തു’.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

