അമ്പലപ്പുഴ: കാലാവസ്ഥ വ്യതിയാനവും കടലിലെ ഒഴുക്കും ശക്തമായതോടെ തീരദേശം വീണ്ടും പട്ടിണിയിൽ. രണ്ടു ദിവസമായി കടലിൽ പോകുന്ന പൊന്തുവലക്കാർക്കും നിരാശ മാത്രമാണ് ബാക്കി .
പൊടിമീൻപോലും കിട്ടുന്നില്ല. ചാകരപ്രദേശമായ തോട്ടപ്പള്ളി ഹാർബറിൽനിന്നു തുടർച്ചയായി മത്സ്യബന്ധനത്തിനു പോയ ചില നീട്ടുവള്ളങ്ങൾക്ക് ഒഴാഴ്ച മുമ്പുവരെ മത്തി കിട്ടിയിരുന്നെങ്കിൽ അവർക്കും ഇന്ധനച്ചെലവു മാത്രം മിച്ചമായാണ് കരയ്ക്കെത്തിയത്.
ഒരു ദിവസം മത്സ്യബന്ധനത്തിനു പോയി തിരികെയെത്തുമ്പോൾ 5000 രൂപ ഇന്ധനച്ചെലവു മാത്രമാകും. തൊഴിലാളികളുടെ ഭക്ഷണച്ചെലവു വേറെയും. ഇതിനുള്ള മത്സ്യം പോലും കിട്ടാതായതോടെ വള്ളവും വലയും കരയ്ക്കു കയറ്റിയിരിക്കുകയാണ് ഭൂരിഭാഗം തൊഴിലാളികളും.

