മറയൂർ: മുതുവ സമുദായത്തിൽനിന്നുള്ള ആദ്യ വനിതാ ഡ്രൈവറായി ഈശ്വരി. കാന്തല്ലൂർ പഞ്ചായത്തിൽ തീർഥമല ഉന്നതിയിലെ പരമന്റെ ഭാര്യ ഈശ്വരി (40) ആണ് ചരിത്രത്തിന്റെ സ്റ്റിയറിംഗിൽ കൈവച്ചത്.
മൂന്നാറിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റിൽ വിജയകരമായി കാർ ഓടിച്ച് ഈശ്വരി ലൈസൻസ് സ്വന്തമാക്കി. ഇടുക്കി ജില്ലയിലും തമിഴ്നാട് അതിർത്തികളിലും അധിവസിക്കുന്ന മുതുവ സമുദായംഗമാണ് ഈശ്വരി.
ഈശ്വരിക്ക് സപ്പോർട്ടുമായി ഭർത്താവ് പരമനും കുടിക്കാരും ഉണ്ടായിരുന്നു. മോട്ടോർ വാഹനവകുപ്പും മറയൂരിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ആർ. കണ്ണനും പരിശീലകൻ കെ. അനീഷ്കുമാറും ഈശ്വരിക്ക് ലൈസൻസ് ലഭിക്കുവാൻ ഏറെ സഹായിച്ചു.
മാറിയത് ചരിത്രം
ഒരു കാലത്ത് ഉന്നതികളിലെ കർകശനനിയമങ്ങളാൽ തളയ്ക്കപ്പെട്ട ജീവിതമായിരുന്നു മുതുവ സ്ത്രീകളുടെത്. എന്നാൽ, കാലഘട്ടത്തിനനുസരിച്ച് മാറാൻ കുടിക്കാർ തയാറാകുന്നു എന്നതാണ് ഈശ്വരിയുടെ ജീവിതം.
വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റം വരുത്തി. എൻജിനിയറിംഗ്, എംഎസ്ഡബ്ല്യു, എംബിഎ ഡിഗ്രികളെല്ലാം ഈ വിഭാഗത്തിലെ യുവതികൾ സ്വന്തമാക്കി വരുന്നു. മൂന്നാർ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കിയ കനവ് പദ്ധതിയിലൂടെ മുതുവാ സമുദായത്തിലെ നിരവധി യുവതികൾ ഇരുചക്രവാഹനത്തിന്റെ ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്.
ഈശ്വരിയുടെ ഭർത്താവ് പരമന് ഡ്രൈവിംഗ് അറിയില്ലെങ്കിലും പഴയ ഒരു ആൾട്ടോ കാർ ആറുമാസം മുൻപ് വാങ്ങിയതാണ് ഈശ്വരിക്ക് പ്രചോദനമായത്.
കാർ വാങ്ങിയെങ്കിലും വീടിന് മുന്നിൽ വെറുതെ കിടന്നതോടെയാണ് ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹം ഈശ്വരി ഭർത്താവിനോട് പറഞ്ഞത്. 15 കിലോമീറ്റർ അകലെ മറയൂരിലുള്ള ജോയി ഡ്രൈവിംഗ്്സ്കൂളിൽ ചേർന്ന് പഠനം നടത്തുകയായിരുന്നു.

