കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 9,430 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 115 രൂപ കുറഞ്ഞ് 7,345 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 4,740 രൂപയുമാണ് വിപണി വില.
ഈയാഴ്ച സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റവും വലിയ ഇടിവും കാഴ്ചവച്ചു. ഗ്രാമിന് 11,790 വരെ പോയ സ്വര്‍ണവില ഇന്ന് കൂപ്പുകുത്തി 11,465 ല്‍ എത്തി. അന്താരാഷ്ട്ര സ്വര്‍ണവില ഒരു ഘട്ടത്തില്‍ ട്രോയ് ഔണ്‍സിന് 4,185 ഡോളര്‍ വരെ പോയിരുന്നു.
പിന്നീട് വലിയ താഴ്ചയോട് ട്രോയ് ഔണ്‍സിന് 4,028 ഡോളര്‍ വരെ പോയതിനുശേഷം ഇപ്പോള്‍ 4,083 ഡോളറില്‍ നില്ക്കുന്നു. യുഎസ് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ മൂലം സ്വര്‍ണ വില നേട്ടങ്ങള്‍ കൈവരിച്ചു.
എന്നിരുന്നാലും സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പിന്തുണ അടുത്ത ആഴ്ച സ്വര്‍ണവിലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. യുഎസ് ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഇന്നലെ ആരംഭിച്ച ഇടിവ് തുടര്‍ന്നു. ഇന്ന് ഏകദേശം 1.5 ശതമാനം ഇടിഞ്ഞു.
സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടം തുടരുകയാണെന്നും, പ്രവചനാതീതമായ മാര്‍ക്കറ്റ് ആണ് ഇപ്പോഴുള്ളതെന്നും ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.
- സ്വന്തം ലേഖിക

