പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധന തിങ്കളാഴ്ച നടത്തും. ഇതിനായി എസ്പി ശശിധരനും എസ്ഐടി സംഘവും പമ്പയിലെത്തി. ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക.
പമ്പയിലെത്തിയ എസ്ഐടി സംഘം ഇന്ന് വൈകുന്നേരം സന്നിധാനത്തേയ്ക്ക് പോകും. ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.
ശ്രീകോവിലിലെ ദ്വാരപാലക പാളി ,കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ സംഘം ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണപ്പാളികളുടെയും ചെമ്പുപ്പാളികളുടെയും സാമ്പിളും ശേഖരിക്കും.
സന്നിധാനത്ത് നിന്ന് സ്വർണപ്പാളി കടത്തിയോ ഇതിൽ തിരിമറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ശാസ്ത്രീയ പരിശോധനയിലൂടെ നോക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന ഫലമാണ് കേസിനെ മുന്നോട് നയിക്കുക.

