സ്പെഷ്യൽ ഇന്റൻസിവ് റിവിഷൻ എന്ന എസ്ഐആർ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) മാർക്ക് വലിയ ബുദ്ധിമുട്ടും സമ്മർദവുമാണ് സൃഷ്ടിക്കുന്നത്. സമയബന്ധിതമായി എസ്ഐആർ ഫോമുകൾ വിതരണം ചെയ്ത് വിവരം അപ്ലോഡ് ചെയ്യാനുള്ള സമ്മർദം, വിതരണം പൂർത്തിയായില്ലെങ്കിലും പൂർത്തികരിച്ചു എന്ന് റിപ്പോർട്ട് ചെയ്യേണ്ടി വരുന്ന അവസ്ഥ, സമയബന്ധിതമായി ഫോമുകൾ വിതരണം ചെയ്തോ എന്നും വിവരം ശേഖരിച്ചോ എന്നും സൂപ്പർവൈസർമാരായ റവന്യു ഉദ്യോഗസ്ഥരുടെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെയും അന്വേഷണങ്ങൾ, ഒന്നുമറിയാത്ത സാധാരണ വോട്ടർമാർ തുടങ്ങയവയെല്ലാം വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്.
ഇതിനെല്ലാമിടയിൽ കിടന്ന് ഞ്ഞെരുങ്ങുന്ന ബിഎൽഒമാരിൽ പലർക്കും ഒരു മാസംകൊണ്ട് എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണെന്നാണ് ബിഎൽഒ ജോലി ആസ്വദിച്ച് ചെയ്യുന്ന ഒരു ജനകീയനായ അധ്യാപകൻ പ്രതികരിച്ചത്.
എസ്ഐആർ കെണിയിലാക്കി
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇടയിൽ എത്തിയ എസ്ഐആർ ബൂത്ത് ലെവൽ ഉദ്യോഗസ്ഥരെ ശരിക്കും കെണിയിലാക്കിയിരിക്കുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് വീടുകൾ സന്ദർശിക്കുന്ന പല ബിഎൽഒമാർക്കും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ വീട്ടുകാർ ഉൾപ്പെടാത്തതിന്റെ ദേഷ്യവും പരിഭവവും ഏറ്റുവാങ്ങേണ്ടി വരുന്നു.
ബിഎൽഒമാർ എസ്ഐആർ സംബന്ധിച്ച വിവരങ്ങൾ പറഞ്ഞ് കൊടുക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും വീട്ടുകാർക്ക് ഇതിനോട് തണുപ്പൻ പ്രതികരണമാണ്. പഞ്ചായത്ത് ഇലക്ഷൻ സ്ഥാനാർഥികളാണ് എന്ന് തെറ്റിദ്ധരിച്ചും കച്ചവടക്കാരാണ് എന്ന് കരുതിയും പ്രായമായവർ വീടിന്റെ കതകുപോലും തുറക്കാതിരുന്ന സംഭവങ്ങളും ഇവർക്ക് പങ്കുവയ്ക്കാനുണ്ട്.
എസ്ഐആറിന്റെ പ്രാധാന്യം എത്ര പറഞ്ഞാലും ഉൾക്കൊള്ളാത്തവരും കേരളത്തിലെ ചില രാഷ്ട്രീയ പാർട്ടികളുടെ ഇതിനോടുള്ള എതിർപ്പും ആളുകളിൽ ഒരു തണുപ്പൻ സമീപനമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. മുകളിൽനിന്നുള്ള സമ്മർദവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സമ്മർദവും പൊതുജനങ്ങളുടെ അറിവില്ലായ്മയും നിസഹകരണവും ആകാം പയ്യന്നൂരിൽ ബിഎൽഒ ജീവനൊടുക്കാൻ കാരണമായത്.
സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും കുറച്ച് അങ്കണവാടി ടീച്ചർമാരും ചുരുക്കംചില വിരമിച്ച ഉദ്യോഗസ്ഥരുമാണ് ഇപ്പോൾ സംസ്ഥാനത്ത് ബിഎൽഒമാരായി പ്രവർത്തിച്ചു വരുന്നത്. ഉദ്യോഗസ്ഥരിലും അധ്യാപകരിലും ചിലർ ഇലക്ഷൻ ഡ്യൂട്ടിയുടെ സമ്മർദം ഒഴിവായി കിട്ടുമെന്ന് പ്രതീക്ഷയിൽ ഈ ജോലി ഏറ്റെടുത്തവരാണ്. എന്നാൽ എസ്ഐആർ വന്നതോടെ സമ്മർദം പതിന്മടങ്ങായി വർധിച്ചിരിക്കുന്നു എന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒഴിവാക്കുന്നവരും നിരവധി
പലപ്പോഴും വീടുകളിൽ ആളുകൾ ഉണ്ടാവില്ല. ഉണ്ടായാൽ തന്നെ പ്രായമായവരോ കുട്ടികളോ മാത്രമായിരിക്കും. പുതുതായി നിയമിക്കപ്പെട്ട ബിഎൽഒമാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽപോലും പലപ്പോഴും ആളുകളെ കിട്ടാറില്ല.
ആളുകൾ താമസമുള്ള വീടുകളിൽപോലും മൂന്നും നാലും തവണ പോകേണ്ടി വരുന്ന ഇവർക്ക് അടഞ്ഞുകിടക്കുന്ന വീടുകളിലെ ഫോമുകൾ നല്കാനും വിവരം ശേഖരിക്കാനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഒരിക്കൽ നല്കിയ ഫോം അടുത്ത ദിവസം വാങ്ങാൻ ചെല്ലുമ്പോൾ ഇത് വാങ്ങിയവരായിരിക്കില്ല വീട്ടിലുണ്ടാവുക. ഉണ്ടെങ്കിൽതന്നെ ഡിസംബർ വരെ സമയം ഉണ്ടല്ലോ പിന്നെ വരൂ എന്ന് പറഞ്ഞ് ഒഴിവാക്കുന്നവരും നിരവധിയാണ്.
എത്ര പരിചിതനായാലും ഒരു ദിവസം 30-40 വീടുകളിൽ കയറാൻ മാത്രമേ ഒരു ബിഎൽഒയ്ക്ക് സാധാരണയായി കഴിയു. 400 -500 വീടുകളിൽ കയറേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥൻ ഒരു വീട്ടിൽ മൂന്ന് തവണ എന്ന് കണക്കാക്കിയാൽപോലും ഒരു മാസം കൊണ്ട് ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കില്ല എന്ന് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർപോലും പറയുന്നു.
വീട്ടുകാർ നേരിട്ട് വായിച്ച് മനസിലാക്കി ഫോം പൂരിപ്പിക്കാൻ തക്ക തരത്തിൽ അക്ഷരത്തിന് വലുപ്പം ഇല്ല എന്ന പരാതിയും നിലവിലുണ്ട്. ഫോം പൂരിപ്പിക്കൽ ബിഎൽഒമാരുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന് കരുതുന്നവരും നിരവധിയാണ്.
എസ്ഐആർ സംബന്ധിച്ച് വേണ്ട വിധത്തിലുള്ള പ്രചാരണം നല്കിയിട്ടില്ല എന്നതും ഇക്കാര്യത്തിൽ വന്ന വീഴ്ചയായി ഇവർ പറയുന്നു. 2002 വർഷം അടിസ്ഥാനമാക്കിയിരിക്കുന്നതിനാൽ ഇതിനുശേഷം വോട്ടർപട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ ( 42 വയസിന് താഴെയുള്ളവരുടെ) ബന്ധുവിവരങ്ങൾ ശേഖരിക്കുക വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇക്കാര്യത്തിൽ പ്രധാനമായും വിവാഹം ചെയ്തുകൊണ്ടുവന്ന സ്ത്രീകൾ, വർഷങ്ങളായി മാറിത്താമസിക്കുന്നവർ തുടങ്ങിയവരുടെ ബന്ധുവിവരങ്ങൾ കണ്ടെത്താനാവാതെ വരുന്നത് വീട്ടുകാരെയും ബിഎൽഒമാരെയും ഒരുപോലെ വട്ടംകറക്കുന്നു. ഇതോടൊപ്പം പ്രാദേശികമായ പല ബുദ്ധിമുട്ടുകളും ബിഎൽഒമാർക്ക് നേരിടേണ്ടി വരുന്നു.
പൊതുജനങ്ങൾക്കു വേണ്ടവിധത്തിലുള്ള അറിവ് നല്കിയതിന് ശേഷം മാത്രം എസ്ഐആർ വിവരശേഖരണം തുടങ്ങണം, ആവശ്യത്തിനുള്ള സമയം അനുവദിക്കണം, സമ്മതിദായകരുടെ കൂടി ഉത്തരവാദിത്വമാണ് എസ്ഐആർ വിവരശേഖരണം എന്ന സന്ദേശം എല്ലാവരിലും എത്തണം എങ്കിൽ മാത്രമേ ലക്ഷ്യം വയ്ക്കുംപോലെ ഇത് പൂർത്തികരിക്കാനാവൂ. അല്ലെങ്കിൽ ഇനിയും സമ്മർദം താങ്ങാനാവാതെ അത്യാഹിതങ്ങൾ ഉണ്ടായേക്കാം.
ആന്റണി ആറിൽചിറ

