എത്ര ലജ്ജാകരമാണിത്. പല കാരണങ്ങൾകൊണ്ടു വിവാദങ്ങളിൽ മുങ്ങിയ എസ്ഐആർ എന്ന സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ഒടുവിൽ ഒരു ജീവനെടുത്തിരിക്കുന്നു. അമിത ജോലിഭാരവും പല കേന്ദ്രങ്ങളിൽനിന്നുള്ള സമ്മർദവുമാണ് ബൂത്ത് ലെവൽ ഒാഫീസറായ അനീഷ് ജോർജ് എന്ന നാൽപത്തഞ്ചുകാരൻ ജീവനൊടുക്കാൻ ഇടയാക്കിയതെന്നാണ് ആരോപണം.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിച്ചതാണ് പയ്യന്നൂർ മണ്ഡലം 18-ാം നന്പർ ബൂത്തിലെ ബിഎൽഒയും കുന്നരു സ്കൂളിലെ ഒാഫീസ് അസിസ്റ്റന്റുമായ അനീഷ് ജോർജ് ജീവനൊടുക്കാൻ കാരണമെന്നാണ് ബിഎൽഒമാരുടെ കൂട്ടായ്മ ആരോപിച്ചിരിക്കുന്നത്.
പ്രതിക്കൂട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ചോദ്യങ്ങൾക്കും ആക്ഷേപങ്ങൾക്കും ഉത്തരം പറഞ്ഞാൽ ഉടയാട ഉരിഞ്ഞുപോകുമോയെന്നു ഭയക്കുന്ന ഒരു സംവിധാനത്തിനു പ്രതിക്കൂട്ടിൽ നിൽക്കുന്നതിനും നാണമില്ലാതായിരിക്കുന്നുവോ? കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുന്പിരിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തുനിഞ്ഞിറങ്ങിയത്.
ഇതു ശരിയായ സമയമല്ലെന്ന് സംസ്ഥാന സർക്കാരും രാഷ്ട്രീയ പാർട്ടികളും കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷണറും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയതാണ്. എന്നാൽ, ഇപ്പോൾത്തന്നെ നടത്തിയേ തീരൂ എന്ന പിടിവാശിയിലായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥ സംവിധാനവുമെല്ലാം പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ മുഴുകിയിരിക്കുന്ന സമയത്തുതന്നെ വോട്ടർ പട്ടിക പരിഷ്കരണം നടത്തണമെന്നു ശഠിച്ചത് ജനാധിപത്യ മര്യാദയ്ക്കു നിരക്കുന്നതാണോ? ജനാധിപത്യ മര്യാദകളെക്കുറിച്ചു മറുപടി പറയാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗ്യത പോലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അന്തരീക്ഷത്തിൽ ഈ ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കാനാണ് സാധ്യത.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയിൽ ബിഎൽഒമാർ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഫോമുകളുമായി വീടുകളിൽ കയറിയിറങ്ങുന്നതുതന്നെ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വരുന്നവർ എന്ന ചിന്തയിലാണ് പലരും ബിഎൽഒമാരെ വീടുകളിലേക്കു സ്വീകരിക്കുന്നത്.
മാത്രമല്ല, മേലുദ്യോഗസ്ഥരിൽനിന്ന് വലിയ സമ്മർദമാണ് നേരിടേണ്ടി വരുന്നതെന്നു ബിഎൽഒമാർ കുറ്റപ്പെടുത്തുന്നു. ഒരു മാസമാണ് വോട്ടർപട്ടിക ഫോം വിതരണം ചെയ്യാനും തിരികെ വാങ്ങാനുമായി അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഇതു പര്യാപ്തമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
ഒരു വീട്ടിൽത്തന്നെ പല ബൂത്തുകളിലെ വോട്ടർമാർ. പല വീടുകളിലും ചെല്ലുന്പോൾ ആളില്ലാത്തതിനാൽ പലവട്ടം പോകേണ്ടി വരുന്നു.2002ലെ വോട്ടർപട്ടികയിലെ തങ്ങളുടെ വിവരങ്ങൾ മിക്ക വോട്ടർമാരുടെയും പക്കൽ ഇല്ല. മാത്രമല്ല, ഫോറങ്ങൾ നൽകുന്പോഴും പിന്നീടും വോട്ടർമാർക്ക് നിരവധി സംശയങ്ങൾ. ബിഎൽഒമാർക്ക് ഫോൺ താഴെ വയ്ക്കാൻ സമയം കിട്ടുന്നില്ല… ഇങ്ങനെ നീളുന്നു ആക്ഷേപങ്ങൾ.
ജനാധിപത്യ സംവിധാനത്തിന്റെ നട്ടെല്ലാണ് സംശുദ്ധമായ വോട്ടർപട്ടിക എന്നതിൽ ആർക്കും തർക്കമില്ല. അത് യഥാസമയങ്ങളിൽ പരിഷ്കരിക്കേണ്ടത് അനിവാര്യവുമാണ്. എന്നാൽ, അതു സമയമെടുത്തു കൃത്യതയോടെയും വ്യക്തതയോടെയും സുതാര്യതയോടെയും ചെയ്യുമ്പോഴാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിനു തലയുയർത്തി നിൽക്കാനാകുന്നത്.
വലിച്ചുവാരിയും തിരക്കിട്ടും ഉദ്യോഗസ്ഥരെ ഞെക്കിപ്പിഴിഞ്ഞും ഇത്ര പരവേശത്തിൽ പരുവപ്പെടുത്തേണ്ടതല്ല വോട്ടർപട്ടിക. അർഹരായവർ എല്ലാവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നും അനർഹർ നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും വ്യക്തതയോടെ ഉറപ്പാക്കേണ്ടതുണ്ട്. ഇതു സുതാര്യമായി ചെയ്യാനാവശ്യമായ സമയം ഉദ്യോഗസ്ഥർക്കും അതു പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള അവസരം ജനങ്ങൾക്കും അനുവദിക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
ജോലിഭാരത്തെക്കുറിച്ചു പരാതി പറയുന്പോൾ ദൗത്യത്തിനു നിയോഗിക്കപ്പെട്ടിരിക്കുന്ന ബിഎൽഒമാർ തങ്ങൾ ഏറ്റെടുത്തിരിക്കുന്ന ജോലിയുടെ ഗൗരവം തിരിച്ചറിഞ്ഞ് മനപ്പൂർവം വീഴ്ച വരുത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് ക്ലാസ് ഒന്ന്, ക്ലാസ് രണ്ട് ജോലിക്കാരെ നിയമിച്ചിരിക്കുന്പോൾ ക്ലാസ് മൂന്ന്, ക്ലാസ് നാല് ജീവനക്കാരാണ് എസ്ഐആറിനു നിയോഗിക്കപ്പെട്ടിരിക്കുന്നത്.
എസ്ഐആർ പൂർത്തിയാക്കാൻ നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ മറ്റെല്ലാ ജോലികളിലും നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവർ കൂട്ടായാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും ആർക്കും സമ്മർദമുള്ളതായി ഇതുവരെ അറിയിച്ചിട്ടില്ലെന്നുമാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു. കേൽക്കറുടെ നിലപാട്. കണ്ണൂരിൽ ഒരു ബിഎൽഒ ജീവനൊടുക്കിയ സാഹചര്യത്തിൽ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എന്തായാലും തിരക്കിട്ടും സമ്മർദം ചെലുത്തിയും തട്ടിക്കൂട്ടിയെടുക്കുന്ന ഒരു വോട്ടർപട്ടികയല്ല നമുക്ക് ആവശ്യം. സുതാര്യമായും സുഗമമായും കാര്യങ്ങൾ നടത്താൻ സമയം നീട്ടിനൽകണമെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അതിനു തയാറാകണം. ചില പ്രതിപക്ഷ കക്ഷികൾ തിരക്കിട്ടുള്ള വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. എന്തായാലും ശുദ്ധമാക്കാനെന്ന പേരിൽ അവിശുദ്ധ കാര്യങ്ങൾ നടന്നാൽ അതു ജനാധിപത്യത്തെ ഊന്നുവടിയിലാക്കുന്നതിനു തുല്യമായിരിക്കും.
