പത്തനംതിട്ട: ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിനോടു താത്പര്യമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പിആർഒ അയർക്കുന്നം രാമൻനായർ ആരോ പിച്ചു . തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന വെർച്വൽ ക്യൂ സംവിധാനം പിൻവലിക്കണം.
ശബരിമലയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കുന്നതിലും കൂടുതൽ തീർഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് വലുതായിരുന്നെന്നും ഇന്ന് മാധ്യമങ്ങളെയും മാറ്റിനിർത്താനാണ് ആലോചനയെന്നും രാമൻ നായർ കുറ്റപ്പെടുത്തി.
താൻ ശബരിമല പിആർഒ ആയിരിക്കുന്ന കാലയളവിലാണ് വിജയ് മല്യ ശ്രീകോവിലിന് സ്വർണം പൊതിഞ്ഞത്. അന്ന് സ്വർണം പൊതിയുകയായിരുന്നു. പൂശുക എന്ന വാക്കുതന്നെ ഇപ്പോൾ വന്നതാണ്. ഈശ്വരവിശ്വാസികളായവർ വേണം ദേവസ്വം ഭരണത്തിൽ വരേണ്ടതെന്നും രാമൻ നായർ അഭിപ്രായപ്പെട്ടു.
മകരവിളക്ക് കാലത്ത് തീർഥാടകരെ സഹായിക്കുന്നതിന് കേരളത്തിനകത്തും പുറത്തുമായി നൂറ് സേവനകേന്ദ്രങ്ങൾ ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ തുറക്കും.
ശബരിമലയിലും പമ്പ യിലും ധർമപരിഷത്ത് 2000 മുതൽ നടത്തി വന്നിരുന്ന അന്നദാനം, മെഡിക്കൽ ക്യാമ്പ്, ഔഷധ ജല വിതരണം, മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കോവിഡ് കാലം മുതൽ നാളിതുവരെ അനുവാദം നൽകാതിരിക്കുകയാണ്.
ശബരിമലയിൽ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് ശബരിമലയിലും പമ്പയിലും അന്നദാനവും ഔഷധ ജല വിതരണവും അപര്യാപ്തമാണെന്ന് അയ്യപ്പധർമ പരിഷത്ത് ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായരും ചീഫ് കോർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ളയും പത്രസമ്മേളനത്തിൽ പറഞ്ഞു.

