ന്യൂഡൽഹി: ബില്ലുകൾ അംഗീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രപതിയും സംസ്ഥാന ഗവർണർമാരും സമയബന്ധിതമായി ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി.
നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച തമിഴ്നാട് ഗവർണർ കേസിൽ രണ്ടംഗ ബെഞ്ചിന്റെ വിധിയെത്തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയോട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി വരുന്നത്.
അതേസമയം, ബില്ലുകൾ അകാരണമായി പിടിച്ചുവയ്ക്കാനും കഴിയില്ല. അതു കോടതിയെ അറിയിക്കണം. ഗവർണർ പ്രവർത്തിക്കുന്നതു മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാവും. എന്നിരുന്നാലും ഗവർണർക്കു വിവേചനാധികാരമുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം കോടതിയുടെ അഭിപ്രായം തേടിയ രാഷ്ട്രപതി, “ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഒരു ബിൽ അവതരിപ്പിക്കുമ്പോൾ മന്ത്രിസഭ നൽകുന്ന ഉപദേശത്തിന് ഗവർണർ ബാധ്യസ്ഥനാണോ?’ എന്ന് ചോദിച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 361 ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതിയോ ഗവർണറോ ഔദ്യോഗിക അധികാരങ്ങളുടെയും കടമകളുടെയും വിനിയോഗത്തിന് ഒരു കോടതിക്കും ഉത്തരം നൽകേണ്ടതില്ലെന്ന് പറയുന്നത്.
സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് എ. എസ്. ചന്ദൂർക്കർ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.

