കൊച്ചി: എറണാകുളം തേവരയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള ഇടനാഴിയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ വീട്ടുടമസ്ഥൻ ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്.
രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹമെന്നാണ് സംശയം.
കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്തു കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു.
അതേസമയം, ഇയാളുടെ വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് പ്രതി നൽകുന്നത്.

