കൊച്ചി: മസാജ് പാര്‍ലറില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് സിവില്‍ പോലീസ് ഓഫീസറില്‍ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സസ്പെന്‍ഷനിലായ ഗ്രേഡ് എസ്ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികള്‍. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിയോടു കേസ് ഒത്തു തീര്‍പ്പാക്കാനായി എട്ടു പവന് സ്വര്‍ണം ആവശ്യപ്പെട്ടെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് യുവാവ് ഡിജിപിക്ക് പരാതി നല്‍കിയതായാണു വിവരം.
അതേസമയം ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവിന് സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ഇയാളെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പോലീസ് കേസടുത്ത സാഹചര്യത്തില്‍ എസിപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സ്പാ നടത്തിപ്പുകാരനായ കേസിലെ രണ്ടാം പ്രതി കൊച്ചി സ്വദേശി ഷിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടു ലക്ഷം രൂപകൈക്കലാക്കിയെന്ന് സംശയം
പോലീസുകാരനില്‍ നിന്ന് കൈവശപ്പെടുത്തിയ നാല് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ തനിക്കു ലഭിച്ചതായി അറസ്റ്റിലായ ഷിഹാം സമ്മതിച്ചിട്ടു ണ്ട്. പോലീസുകാരനില്‍ നിന്ന് തട്ടിയെടുത്ത തുകയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ കൈവശപ്പെടുത്തിയതായാണ് പോലീസ് സംശയിക്കുന്നത്.
സെപ്തംബര്‍ എട്ടിന് പാലാരിവട്ടം മെഡിക്കല്‍ സെന്ററിനുസമീപം പ്രവര്‍ത്തിക്കുന്ന സ്പായില്‍ എത്തി സിപിഒ ബോഡി മസാജ് ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ പത്തോടെ പോലീസുകാരനെതിരെ മോഷണക്കുറ്റം ആരോപിച്ച് സ്പാ ജീവനക്കാരി രമ്യയുടെ ഫോണ്‍ വിളിയെത്തി. മസാജ് ചെയ്യുന്നതിനിടെ താന്‍ മാല ഊരിവച്ചിരുന്നെന്നും അത് തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ആറ് ലക്ഷം രൂപ കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാല എടുത്തിട്ടില്ലെന്ന് പോലീസുകാരന് പറഞ്ഞെങ്കിലും ഇവര്‍ മോഷണത്തില്‍ ഉറച്ചുനിന്നു.
തുടര്‍ന്ന് ഇവര്‍ മാലമോഷണത്തിന് പരാതി നല്കി. ഇതിനിടെ രണ്ടാം പ്രതി ഷിഹാം പോലീസുകാരനെ ഫോണില്‍ വിളിക്കുകയും സ്പായില്‍ വന്നതും മാല മോഷ്ടിച്ചതുമെല്ലാം ഭാര്യയെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നാല് ലക്ഷം രൂപ എസ്ഐ മുഖേന പ്രതികള്‍ക്ക് കൈമാറിയെന്നാണ് പോലീസുകാരന്റെ മൊഴി. സ്പായിലെ മാല മോഷണം പെട്ടെന്ന് ഒത്തുതീര്‍ന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് കേസ് പുറത്തുകൊണ്ടുവന്നത്.

