ശക്തമായ കാറ്റിലും മഴയിലും വീട് നഷ്ടപ്പെട്ട പ്രിയ കൂട്ടുകാരന് കൈത്താങ്ങായി സഹപാഠികൾ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി കിഴക്കേ വാര്യത്തറ സുരേഷ് കുമാറിനാണ് വീട് നിർമാണം ആരംഭിക്കാനുള്ള ആദ്യ ഘട്ടമായി ബാല്യകാല സഹ പാഠികൾ ചേർന്ന് തുക നൽകിയത്.
1989ൽ പുന്നപ്ര അറവുകാട് സ്കൂളിൽ സുരേഷ് കുമാറിനൊപ്പം എസ്എസ്എൽസിക്ക് പഠിച്ച സുഹൃത്തുക്കളാണ് സഹായ ഹസ്തവുമായെത്തിയത്. കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സുരേഷ് കുമാറിന്റെ വീട് നിലംപതിച്ചത്.
സുരേഷ് കുമാറിന്റെ അമ്മ തങ്കമ്മ പുറത്തേക്കിറങ്ങിയപ്പോഴാണ് വീടിന്റെ ഒരുഭാഗം നിലം പൊത്തിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വീടിന്റെ മറ്റ് ഭാഗവും നിലംപൊത്തുകയായിരുന്നു.കൂലിപ്പണിക്കാരനായ സുരേഷ് കുമാർ ജോലിക്കും ഭാര്യ സിന്ധു തൊഴിലുറപ്പ് ജോലിക്കും പോയ സമയത്താണ് അപകടമുണ്ടായത്.
ഏകദേശം 30 വർഷം പഴക്കമുള്ള വീടിന്റെ ഓടിട്ട മേൽക്കൂരയും ഭിത്തിയുമെല്ലാം നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും തകർന്നു. ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും നിർമാണം ആരംഭിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ വീട് നിർമാണവും പ്രതിസന്ധിയിലായിരുന്നു.
ഇതിനിടയിലാണ് ഏക ആശ്രയമായ കിടപ്പാടവും ഇവർക്കില്ലാതായത്. കിടപ്പാടം നഷ്ടമായതോടെ തൊട്ടടുത്ത് ബന്ധുവീട്ടിലാണ് കുടുംബം കഴിയുന്നത്. തങ്ങളുടെ കൂട്ടുകാരന്റെ ദുരിതമറിഞ്ഞ സഹപാഠികൾ ചേർന്നാണ് അന്പതിനായിരം രൂപ സമാഹരിച്ച് കൈമാറിയത്. അനിൽ കെ. അവിട്ടത്ത്, വിഷ്ണുപ്രസാദ്, ലാലൻ അമ്പലപ്പുഴ എന്നിവർ ചേർന്ന് തുക സുരേഷ് കുമാറിന് കൈമാറി.

