ബാങ്കോക്ക്: ഒരാഴ്ചയായി കനത്ത മഴ തുടരുന്ന തായ്ലൻഡിൽ 33 പേർ മരിച്ചു. രാജ്യത്തിന്റെ തെക്കുഭാഗത്തെ പത്തു പ്രവിശ്യകൾ പ്രളയത്തിന്റെ പിടിയിലായി. മലേഷ്യൻ അതിർത്തിയോടു ചേർന്ന പ്രമുഖ ബിസിനസ് കേന്ദ്രമായ ഹാത് യായ് നഗരത്തിൽ ഒറ്റ ദിവസം 33.5 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. ഇവിടെ 300 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഴയാണിത്.
തായ്ലൻഡിൽ ഒട്ടാകെ 20 ലക്ഷം പേർ മഴക്കെടുതികൾ നേരിടുന്നു. 13,000 പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി.
തായ്ലൻഡിന്റെ അയൽ രാജ്യങ്ങളിലും മഴ ദുരിതം വിതച്ചിരിക്കുകയാണ്. വിയറ്റ്നാമിലെ മഴക്കെടുതിയിൽ 98 പേരാണു മരിച്ചത്. മലേഷ്യയിൽ 19,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലുണ്ടായ മണ്ണിടിച്ചിലിൽ 19 പേർ മരിച്ചു.

