തൃശൂർ: ഈ വരുന്ന ഡിസംബർ മാസത്തിനുശേഷം അങ്ങകലെ ചക്രവാളത്തിൽനിന്ന് സൂര്യകിരണങ്ങൾ ഉദിച്ചുയരുമ്പോൾ…. യുഡിഎഫിനുവേണ്ടി വീൽചെയറിലിരുന്ന് ഭിന്നശേഷിക്കാരനായ ഷെഫി കൊട്ടാരത്തിൽ അനൗണ്സ്മെന്റ് തുടങ്ങിക്കഴിഞ്ഞു.
രണ്ടരവയസിൽ ബാധിച്ച പനി ശരീരം തളർത്തിയിട്ടും തളരാതെ വീൽചെയറിൽ പ്രചാരണരംഗത്തു സജീവമാണ് ഷെഫി. സ്വന്തം വാർഡായ ചേർപ്പിലെ പതിനേഴാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയും ബാല്യകാലസുഹൃത്തുമായ പി.എസ്. ഫൈസലിന്റെ തെരഞ്ഞെടുപ്പുപരിപാടികളുടെ മുഖ്യനേതൃത്വം വഹിക്കുന്നത് ഷെഫിയാണ്.
കഴിഞ്ഞദിവസം കുരിയച്ചിറയിലെ യുഡിഎഫ് സ്ഥാനാർഥി സജീവൻ കുരിയച്ചിറയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. അടുത്ത ആഴ്ച മുതൽ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി സി.കെ. വിനോദിനുവേണ്ടിയുള്ള പ്രചാരണപരിപാടികൾ ആരംഭിക്കും.
കഴിഞ്ഞ 23 വർഷമായി യുഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി അനൗണ്സ്മെന്റ് നടത്തുന്നയാളാണ് ഷെഫി. പോരാട്ടവീര്യമുള്ള വാക്കുകൾകൊണ്ട് സ്ഥാനാർഥികളെ ജനങ്ങളുടെ മനസിൽ എത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് താൻ ഏറ്റിരിക്കുന്നതെന്നു ഷെഫി പറഞ്ഞു.
പതിനഞ്ചുവയസുമുതൽ ആരംഭിച്ച അനൗണ്സ്മെന്റ് ജോലി നാല്പതാംവയസിലും ആർജവത്തോടെ തുടരുകയാണ്. ഇക്കാലയളവിൽ ത്രിതലപഞ്ചായത്ത്, നിയമസഭ, ലോക്സഭ തുടങ്ങിയ തെരഞ്ഞെടുപ്പുകൾക്കെല്ലാം രംഗത്തുണ്ടായിരുന്നു. യുഡിഎഫ് സ്ഥാനാർഥികൾക്കുവേണ്ടി മാത്രമാണ് പ്രവർത്തനങ്ങൾ. ചേലക്കര ഉപതെരഞ്ഞെടുപ്പിലും നിലമ്പൂരിൽ രാഹുൽ ഗാന്ധിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങി.
സമകാലികരാഷ്ട്രീയവും പാർട്ടി വാഗ്ദാനങ്ങളും ഭരണപക്ഷത്തിന്റെ വീഴ്ചകളും സ്ഥാനാർഥിയെക്കുറിച്ചുള്ള വിവരണങ്ങളുമെല്ലാമാണ് അനൗണ്സ്മെന്റിൽ ഉൾപ്പെടുത്തുന്നത്. ഇവയെല്ലാം എഴുതി തയാറാക്കുന്നതും ഷെഫിതന്നെ.
നിലവിൽ കെപിസിസി ഇൻഡസ്ട്രീസ് സെല്ലിൽ ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ഷെഫി. സ്വന്തമായി ഡിജിറ്റൽ മാർക്കറ്റിംഗ് പ്രൊഡക്ഷനും നടത്തുന്നു. ഉമ്മയും താനും അടങ്ങുന്നതാണ് കുടുംബം. സമാക്ഷരങ്ങളുടെ സമർപ്പണം, പ്രണയാക്ഷരങ്ങളുടെ കിത്താബ് എന്നീ കവിതാസമാഹാരങ്ങളും ഷെഫി എഴുതിയിട്ടുണ്ട്.
ഷൈനി ജോണ്

