ന്യൂഡൽഹി: സൈനികരംഗത്ത് മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. യുദ്ധവിമാനങ്ങള്‍ തകരുന്ന സാഹചര്യത്തിൽ പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന സംവിധാനം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു.
അടിയന്തര ഒഴിപ്പിക്കൽ സംവിധാനമായ എജക്ഷൻ സീറ്റിന്റെ അതിവേഗ റോക്കറ്റ്-സ്ലെഡ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റ്-സ്ലെഡ് പരീക്ഷണം നടത്തിയത് ഡിആർഡിഒ ആണ്. നൂതനമായ ഇൻ-ഹൗസ് എസ്കേപ്പ് സിസ്റ്റം ടെസ്റ്റിംഗ് ശേഷിയുള്ള രാഷ്ട്രങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യയെ ഈ പരീക്ഷണം ഉൾപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
ചണ്ഡീഗഢിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിലായിരുന്നു പരീക്ഷണം. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒ, ഐഎഎഫ്, എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി, എച്ച്എഎൽ എന്നിവയെ അഭിനന്ദിച്ചു. സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

