ചാത്തന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടിക്കായി കെഎസ്ആർടിസി ബസുകൾ കൂട്ടത്തോടെ അയയ്ക്കുന്നു. ഞായറാഴ്ച മുതൽ ബസുകൾ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ ഡ്രൈവർ സഹിതം എത്തിക്കാനാണ് യൂണിറ്റ് അധികൃതർക്കുള്ള അറിയിപ്പ്.
തിരുവനന്തപുരം ജില്ലയിൽ നിന്നു മാത്രം 82 ബസുകളാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിനായി മാറ്റുന്നത്. എല്ലാ ജില്ലകളിലും ഇതേ നിലവാരത്തിലാണ് തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബസുകൾ വിട്ടു നല്കുന്നത്. ഇത്രയും ബസുകൾ നിരത്തിൽ നിന്നു പിൻവലിയുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ യാത്രാക്ലേശത്തിൽ വലയും.
456 ബസുകൾ ശബരിമല പ്രത്യേക സർവീസിനായി മാറ്റിയിരിക്കയാണ്. അതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കെ എസ് ആർടിസി ബസുകൾ വിട്ടു കൊടുക്കുന്നത്. തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് 9 – നാണെങ്കിലും ഏഴ് മുതൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയും ബസ് ഉപയോഗത്തിലായിരിക്കും. മൂന്ന് ദിവസം നിരത്തുകളിൽ കെഎസ്ആർടിസി ബസുകൾ കുറവായിരിക്കും.
- പ്രദീപ് ചാത്തന്നൂർ

