വയോധികന്‍ ചോരവാര്‍ന്നു മണിക്കൂറുകളോളം ആശുപത്രിവരാന്തയില്‍; ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ചെന്ന് ബന്ധുക്കള്‍

EKM-BLOODപെരുമ്പാവൂര്‍: മര്‍ദനത്തില്‍ പരിക്കേറ്റ് പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലെത്തിയ വയോധികന്‍ ചോര വാര്‍ന്ന് മണിക്കൂറുകളോളം വരാന്തയില്‍ കിടന്നു. പെരുമ്പാവൂര്‍ തുരുത്തിപ്പറമ്പ് വിരുതന്‍കണ്ടത്തില്‍ രാമനാണ് (70) ഈ ദുര്യോഗം.    ഇന്നലെ വൈകുന്നേരം ആറോടെയാണ് രാമന്റെ അയല്‍വാസി അശോകനുമായി അടിപിടിയുണ്ടായത്.

സംഭവത്തില്‍ കല്ലിനിടിയേറ്റു ചോരവാര്‍ന്ന നിലയിലായിരുന്നു രാമന്‍. നാട്ടുകാര്‍ ചേര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ ഇത്തരം സംഭവങ്ങള്‍ക്ക് വരുന്ന കേസിന് പോകാന്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുവെന്നു പറയുന്നു.

രാത്രി 8.30 വരെ ചോര വാര്‍ന്നു രാമന്‍ ആശുപത്രി വരാന്തയിലെ നിലത്തു കിടന്നു. നാട്ടുകാര്‍ പറഞ്ഞിട്ടും ഡോക്ടര്‍ ചെവികൊണ്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ രാമനെ പെരുമ്പാവൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടറുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Related posts