മതവും രാഷ്ട്രീയ പാര്‍ട്ടികളുമുണ്ടായത് മനുഷ്യനു ശേഷം; ഓരോ വ്യക്തികളും അധികാരത്തിനുവേണ്ടി പുതിയ രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളുമുണ്ടാക്കുന്നു: നടന്‍ സിദ്ദീഖ്

Siddiqueകണ്ണൂര്‍: ഓരോ വ്യക്തികളും അധികാരത്തിനുവേണ്ടി പുതിയ രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളുമുണ്ടാക്കുകയാണെന്ന് സിനിമ താരം സിദ്ദീഖ്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനു ശേഷമാണ് മതവും രാഷ്ട്രീയ പാര്‍ട്ടികളുമുണ്ടായത്. എന്നാല്‍ മനുഷ്യര്‍ തങ്ങളുടെ വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും വിവിധ മതപാര്‍ട്ടികളുമുണ്ടാക്കി രാജ്യത്ത് അക്രമവും സ്പര്‍ദ്ധയും വളര്‍ത്തികൊണ്ടിരിക്കുന്നു. ഈ നിലപാടില്‍ മാറ്റം വന്നാല്‍ മാത്രമേ അക്രമവും കൊലപാതകവും വര്‍ഗീയ സംഘര്‍ഷങ്ങളും ഇല്ലാതാവുകയുള്ളൂവെന്ന്് സിദ്ദീഖ് പറഞ്ഞു. ഇത്രയധികം പാര്‍ട്ടികള്‍ രാജ്യത്ത് ഉണ്ടാകാന്‍ കാരണം ഓരോരുത്തരുടെയും വ്യക്തിപരമായ ആഗ്രഹങ്ങള്‍ നടപ്പാക്കാന്‍ വേണ്ടിയാണ്. അടുത്തകാലത്ത് പണമുള്ള ഒരു വ്യക്തി പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചു. സമുദായത്തിന്റെ പേരില്‍ പാര്‍ട്ടിയുണ്ടാക്കി നേതൃത്വ സ്ഥാനത്തിരിക്കുകയായിരുന്നു ലക്ഷ്യം. പല പുതിയ പാര്‍ട്ടികളുടെ ഉദയത്തിനും പിളര്‍പ്പിനും പിന്നില്‍ ഇതേ ചിന്താഗതിയാണ്.

രാഷ്ട്രീയ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തനമായി കണ്ട് പ്രവര്‍ത്തിച്ചാല്‍ അക്രമവും അരാജകത്വവും ഇല്ലാതാകും. വ്യക്തിത്വങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാതെ എല്ലാവരും സമന്‍മാരാണെന്ന ചിന്ത ഉയര്‍ന്നു വരണം. ഇല്ലെങ്കില്‍ കൊലപാതകങ്ങള്‍ ഉണ്ടാകും. നാം സ്വയം നശിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കണമോയെന്നും സിദ്ദീഖ് ചോദിച്ചു. വികസനം വരുമ്പോള്‍ അതിനെ എതിര്‍ക്കുകയല്ല വേണ്ടത്. വികസനത്തിനു വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്. നമ്മുക്കു ശത്രുക്കള്‍ ഉണ്ടാകാന്‍ പാടില്ല. ശത്രുക്കളുണ്ടായാല്‍ അവരെ ഏത് വിധേനയാണ് ഇല്ലായ്മ ചെയ്യുക എന്നതായിരിക്കും ചിന്ത. ഈ ചിന്ത മാറ്റേണ്ട കാലമായെന്നും സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം. അബ്ദുറഹ്മാന്‍, മാര്‍ട്ടിന്‍ ജോര്‍ജ്്. അഡ്വ. ടി.ഒ. മോഹനന്‍, സുധീഷ് മുണേ്ടരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts