തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ പുതുമയും വ്യത്യസ്തയും കൊണ്ടുവരാനും അതുവഴി ഉപഭോക്താക്കളെ ആകര്‍ഷിക്കാനും എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ ആരും ചെയ്യാന്‍ മടിക്കുന്ന ഒരു കാര്യമാണ് ഈ ബാര്‍ബര്‍ ചെയ്യുന്നത്. പലരും മടിക്കുന്ന രീതിയിലുള്ള ഒരു മുടിവെട്ടല്‍ രീതിയാണ് ഇയാള്‍ സ്വീകരിച്ചിരിക്കുന്നത്.
തീപിടിക്കുന്ന തരത്തിലുള്ള പൊടിയും ദ്രാവകവും ചേര്‍ത്ത് തലമുടിയില്‍ തേച്ചുപിടിപ്പിക്കുകയും പിന്നീട് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയുമാണ് ഇയാളുടെ രീതി. മുടി ആളക്കത്തിക്കൊണ്ടിരിക്കെ, ഇയാള്‍ രണ്ട് ചീപ്പുകളെടുത്ത് മുടി ശരിയാക്കാന്‍ തുടങ്ങും. തീയണഞ്ഞുകഴിയുമ്പോള്‍ ശേഷിക്കുന്ന തലമുടി മുറിച്ച് കസ്റ്റമറെ സുന്ദരക്കുട്ടപ്പനാക്കും.
ഇത്തരം തീകൊടുക്കല്‍ പരിപാടി ഒന്നോ രണ്ടോ തവണ ആവര്‍ത്തിച്ചെന്നിരിക്കും. കസ്റ്റമറുടെ തലമുടി താനിദ്ദേശിക്കുന്ന തരത്തില്‍ ശരിയാകുന്നതുവരെ അയാള്‍ തീകൊടുക്കലും ചീകിയൊതുക്കലും തുടരും. ഇത്തരം മുടിവെട്ടുരീതി ഇന്ത്യയില്‍ ഇയാള്‍ മാത്രമല്ല പരീക്ഷിക്കുന്നത്. ഗുല്‍ബര്‍ഗയിലെ ഷഹബാദ് ഗ്രാമത്തിലെ ബാര്‍ബറായ ദശരഥ് മെഴുകുതിരികള്‍ ഉപയോഗിച്ചാണ് കസ്റ്റമറുടെ മുടി കത്തിച്ച് നേരെയാക്കുന്നത്.
കഴിഞ്ഞ ആറോ എഴോ വര്‍ഷമായി ദശരഥ് ഈ രീതി തുടരുന്നു. ശഹബാദ് ഗ്രാമത്തിലെ രാജ് മെന്‍സ് പാര്‍ലര്‍ തേടി ആളുകള്‍ എത്തുന്നത് ദശരഥിന്റെ പുതുമയാര്‍ന്ന മുടിവെട്ടില്‍ ആകൃഷ്ടരായാണ്. ഒരിക്കല്‍ കറണ്ട് പോയപ്പോള്‍ മെഴുകുതിരി കത്തിച്ച് നടത്തിയ പരീക്ഷണമാണ് ദശരഥിനെ ഈ പരിപാടി തുടരാന്‍ പ്രേരിപ്പിച്ചത്.