കണ്ണൂരിന്റെ സ്വപ്നം പറന്നിറങ്ങി! പതിനായിരങ്ങളെ സാക്ഷിയാക്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി; വിമാനം പറത്തിയത് കണ്ണൂര്‍ സ്വദേശി

kANNURമട്ടന്നൂര്‍: ഉത്തരമലബാറിന്റെ ആകാശസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി പതിനായിരങ്ങളെ സാക്ഷിയാക്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഇന്നുരാവിലെ 9.06 ഓടെയാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഡോണിയര്‍ 228 എന്ന വിമാനം പറന്നിറങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ സീനിയര്‍ എയര്‍സ്ട്രിപ്പ് ഓഫീസര്‍ എയര്‍മാര്‍ഷല്‍ ആര്‍. നമ്പ്യാരാണ് വിമാനം പറത്തിയത്.

ബിപിന്‍ മിലിയായിരുന്നു കോ-പൈലറ്റ്. ബംഗളൂരുവില്‍ നിന്നും പുറപ്പെട്ട വിമാനം രാവിലെ ഒന്‍പതോടെ മൂര്‍ഖന്‍പറമ്പിലെ ആകാശത്ത് പ്രത്യക്ഷമായപ്പോള്‍ പതിനായിരങ്ങള്‍ ആര്‍പ്പ് വിളിച്ചു. തുടര്‍ന്ന് അഞ്ചുമിനിറ്റ് ആകാശത്ത് കറങ്ങിയ വിമാനം 9.06 ഓടെ റണ്‍വേയിലിറക്കുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍  വിമാനം പറത്തിയ പൈലറ്റുമാരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

തുടര്‍ന്ന് നടന്ന ഉദ്ഘാടനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മന്ത്രി കെ. ബാബു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. മോഹനന്‍, ആര്യാടന്‍ മുഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, എംഎല്‍എമാരായ സണ്ണി ജോസഫ്, എ.പി. അബ്ദുള്ളക്കുട്ടി, കെ.എം. ഷാജി, കിയാല്‍ എംഡി ചൗന്ദ്രമൗലി, ജില്ലാകളക്ടര്‍ പി. ബാലകിരണ്‍, മുന്‍വ്യോമയാന മന്ത്രി സി.എം. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്ര വ്യോമയാന അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി കെ. ബാബുവും രാവിലെ 8.50ഓടെയാണ് ഹെലികോപ്റ്ററില്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. രാവിലെ എട്ടോടെ കണ്ണൂര്‍ വിമാനത്താവള ഡയറക്ടറായ ഡോ. ഷംഷീര്‍ വയലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ എത്തിയിരുന്നു.

Related posts