ജില്ലയില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ സിപിഎം

tvm-cpim സ്വന്തം ലേഖകന്‍
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും സിപിഎം സ്ഥാനാര്‍ഥി പട്ടിക. വാമനപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറെടുത്തുനിന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും നിലവിലെ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കി. പകരം വെഞ്ഞാറമൂട് പാര്‍ട്ടി എരിയാ സെക്രട്ടറിയായ ഡി.െക. മുരളിയുടെ പേരാണു സിപിഎം നേതൃത്വം പരിഗണിക്കുന്നത്.

വി.ശിവന്‍കുട്ടി നേമത്തും സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും ആറ്റിങ്ങലില്‍ സത്യനും മത്സരിക്കും. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചു ഏതാണ്ടു ധാരണയായതായാണു വിവരം. ജില്ലാ കമ്മിറ്റി ചേര്‍ന്നതിന് ശേഷം സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു കൈമാറും. അരുവിക്കരയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം കാട്ടാക്കട ശശി, കെ.എസ്. സുനില്‍കുമാര്‍, കാട്ടാക്കടയില്‍ ഐ.ബി. സതീഷ്, എന്‍.രതീന്ദ്രന്‍, പാറശാലയില്‍ ആനാവൂര്‍ നാഗപ്പന്‍, സി.കെ. ഹരീന്ദ്രന്‍, നെയാറ്റിന്‍കരയില്‍ ആര്‍. അന്‍സലാം, ഡബ്ലു. ആര്‍. ഹീബ , വട്ടിയൂര്‍ക്കാവില്‍ അഡ്വ. കെ.ചന്ദ്രിക, വര്‍ക്കലയില്‍ ആനത്തലവട്ടം ആന്ദന്‍, എ.എ. റഹിം എന്നിവരാണു സ്ഥാനാര്‍ഥി പ്പട്ടികയില്‍ ഉള്ളത്.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാറിനെ വട്ടിയൂര്‍ക്കാവിലോ അരുവിക്കരയിലോ മത്സരിപ്പിക്കണമെന്നു ജില്ലാ നേതൃത്വത്തില്‍ ധാരണയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹത്തേയും ഒഴിവാക്കിയാണു സ്ഥാനാര്‍ഥി പട്ടിക ജില്ലാ സെക്രട്ടേറിയറ്റ് തയാറാക്കിയിരിക്കുന്നത്. രണ്ടു തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനത്തില്‍ വി.ശിവന്‍കുട്ടിക്ക് ഇളവു നല്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുക്കേണ്ടത്. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കുന്നതിനാല്‍ ആ സ്ഥാനത്തേക്കു എം.വിജയകുമാറിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

Related posts