സ്വര്‍ണത്തിന് നിറം കൂട്ടല്‍ തട്ടിപ്പ്; ഏഴുപേര്‍ കൂടി പിടിയില്‍

KKD-ARRESTതൃക്കരിപ്പൂര്‍(കാസര്‍ഗോഡ്): വലിയപറമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍  സ്വര്‍ണത്തിന് നിറം കൂട്ടാനെന്ന വ്യാജേന ആസിഡ് ഉപയോഗിച്ച് സ്വര്‍ണം ഉരുക്കിയെടുത്ത സംഭവത്തില്‍ ഏഴുപേര്‍ കൂടി പിടിയിലായി. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ഒന്‍പതായി. മാവിലാ കടപ്പുറത്തും മാടക്കാലിലും വീട്ടമ്മമാര്‍ വഞ്ചിക്കപ്പെട്ടതോടെയാണ് രണ്ടുപേരെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടിയത്. തട്ടിപ്പ് നടത്തിയ സംഘം പിടിയിലായന്ന് വാര്‍ത്ത പരന്നതോടെ വലിയപറമ്പ്, മാവിലാകടപ്പുറം, തെക്കെക്കാട് മേഖലയില്‍ നാല് പേര്‍ പരാതിയുമായി എത്തി. അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

ബീഹാറില്‍ നിന്നും കഴിഞ്ഞ ഡിസംബറില്‍ കണ്ണൂരിലെത്തിയ സംഘം ലോഡ്ജില്‍ തങ്ങിയാണ് തട്ടിപ്പ് നടത്തി വന്നത്. അറസ്റ്റിലായവര്‍ നല്‍കിയ വിവരം അനുസരിച്ച് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി കണ്ണൂരിലെ ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍  എഴ് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും സ്വര്‍ണം അലിയിക്കുന്ന  ആസിഡ് ലായനിയും ഉരുക്കിയ നിലയിലുള്ള അമ്പത് ഗ്രാം സ്വര്‍ണവും കണ്ടടുത്തു. കണ്ണൂരിലും തട്ടിപ്പ് നടത്തിയതായി പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. വാരത്തും വളപട്ടണത്തും കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും എട്ടോളം പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ വിവിധ ബാങ്കുകളുടെ ബ്രാഞ്ചില്‍ നിന്നും ബീഹാറിലുള്ള ഉടമക്ക് അയച്ച് കൊടുത്ത നാല് ലക്ഷം രൂപയുടെ രേഖകളും പോലീസ് കണ്ടടുത്തിട്ടുണ്ട്. ഒരോ ദിവസവും ലായിനിയില്‍ നിന്നും സ്വര്‍ണം വേര്‍പെടുത്തി ജ്വല്ലറികളില്‍ വില്‍പന നടത്തുകയാണ് പതിവെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം തട്ടിപ്പുമായി എത്തിയ ബീഹാര്‍ സ്വദേശികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.  കൂടുതല്‍ സ്ഥലങ്ങളില്‍ ഈ സംഘങ്ങള്‍ സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി തട്ടിപ്പ് നടത്തും മുമ്പ് വലയിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Related posts