അമ്പലപ്പുഴ: ദമ്പതികളെ മരണത്തിലേക്ക് നയിച്ചത് അമിത സാന്പത്തിക ബാദ്ധ്യത. അന്പലപ്പുഴയിൽ ചിട്ടി സ്ഥാപന ഉടമ സുരേഷ് കുമാറിന്റെ വീടിനു മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്ത ഇടുക്കി സ്വദേശിയായ വേണുവിന് അഞ്ച് ബാങ്കുകളിലായി ഉണ്ടായിരുന്നത് 48 ലക്ഷം രൂപയുടെ സാന്പത്തിക ബാദ്ധ്യത. ഇതിനിടയിലാണ് സുമയുടെ കോട്ടയത്തുള്ള ബന്ധുവിന്റെ മകളുടെ വിവാഹം 24 ന് നടത്താൻ തീരുമാനിച്ചത്. ഇവരിൽ നിന്ന് വേണു നാലര പവൻ സ്വർണ്ണം നേരത്തെ വാങ്ങിയിരുന്നു.
ഇതിൽ രണ്ടര പവൻ തിരികെ നൽകി.ശേഷിക്കുന്ന 2 പവൻ സ്വർണം സുരേഷ് കുമാറിൽനിന്ന് കിട്ടുന്ന പണം ഉപയോഗിച്ച് വാങ്ങാനാണ് ഇരുവരും അന്പലപ്പുഴയിലെത്തിയത്.സംഭവം നടക്കുന്ന ദിവസം വൈകുന്നേരം അഞ്ചോടെ ആണ് വേണുവും സുമയും സുരേഷിന്റെ വീട്ടിലെത്തിയത്.ഈ സമയം സുരേഷ് കുമാറിന്റെ മകൻ രൂപിത് കൃഷ്ണൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇവർ എത്തിയ വിവരം രൂപത് കൃഷ്ണൻ സുരേഷിനെ ഫോണ് ചെയ്തു പറഞ്ഞു. അപ്പോൾ വീട് പൂട്ടി പുറത്തു പോകാനാണ് മകനോട് സുരേഷ് പറഞ്ഞത്.
രൂപിത് കൃഷണൻ വീടുപൂട്ടി പുറത്തിറങ്ങിയപ്പോൾ വേണുവും സുമയും തങ്ങൾക്ക് നിൽക്കക്കള്ളി ഇല്ലാതെയാണ് വന്നതെന്നും എങ്ങനെയെങ്കിലും പണം തരണമെന്നും ഇവർ പറഞ്ഞു. ഇതു കേട്ട മകൻ പുറത്തേക്കുപോയി. തിരികെ സുരേഷുമായാണ് രൂപിത് എത്തിയത്. മൂന്നു പവൻ സ്വണമെങ്കിലും തരണമെന്നും ഇല്ലെങ്കിൽ ഞങ്ങൾ പോകില്ലെന്നും ഇവർ പറഞ്ഞു.തന്റെ കയ്യിൽ പണമില്ലെന്ന് പറഞ്ഞ് സുരേഷ് തന്റെ കാറ്ററിംഗ് ആവശ്യത്തിനായി കള്ള് വാങ്ങാൻ പോയി.
7.45 ഓടെ സുരേഷ് തിരികെ എത്തിയപ്പോൾ സുമ തനിച്ചിരിക്കുകയായിരുന്നു. സുരേഷ് വീണ്ടും തിരികെ പോകാനൊരുങ്ങിയപ്പോൾ സുമ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു.പുറത്തേക്കിറങ്ങിയപ്പോൾ വേണു എതിരെ വന്നു. അപ്പോഴും വേണു പണം ആവശ്യപ്പെട്ടു. ഇവരെ അവഗണിച്ച് സുരേഷ് ബൈക്ക് സ്റ്റാർട്ടു ചെയ്തപ്പോൾ ചിട്ടി പണം നൽകാനുണ്ടായിരുന്ന കൊല്ലം സ്വദേശിനി സുരേഷിനെ ഫോണ് ചെയ്തു.ഇവരുമായി 7 മിനിറ്റോളം സുരേഷ് സംസാരിച്ചു.
ഫോണ് ചേയ്ത് ബൈക്കിൽ പോകാനൊരുങ്ങുന്പോൾ സുരേഷ്മകനോട് ഹാളിൽക്കയറി ഇരിക്കാൻ പറഞ്ഞു.ഇത് പറഞ്ഞ ശേഷം സുരേഷ് നീർക്കുന്നത്തിന് പോയി. രൂപിത് കൃഷ്ണൻ ഹാളിൽക്കയറി ടി വി ഓണ് ചെയ്തു. ഈ സമയത്ത് വേണു സുമയെ ചേർത്തു നിർത്തി ഇരുവരുടെയും ദേഹത്ത് പെട്രോൾ ഒഴിച്ചതിനു ശേഷം ലൈറ്റർ കൊണ്ട് കത്തിക്കുകയായിരുന്നു. തീ ആളിപടരുന്നതു കണ്ട രൂപിത് മോട്ടർ ഓണ് ചെയ്ത് വെള്ളമൊഴിച്ച് ഇവരുടെ ദേഹത്ത് പടർന്ന തീയണക്കാൻ ശ്രമിച്ചു.
ഇതിനിടയിൽ രൂപിതിന്റെ കാലിനും പൊള്ളലേറ്റു. വേണുവിന്റെയും സുമയുടെയും അലർച്ച കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ലാൻഡ് ഫോണിൽ നിന്ന് രൂപിത് സുരേഷ് കുമാറിനെ ഈ വിവരം അറിയിച്ചു. 7.56 നാണ് ഈ ഫോണ് ചെയ്തത്. ഈ സമയം വളഞ്ഞ വഴിക്കു സമീപമെത്തിയ സുരേഷ് തിരികെ വീട്ടിലെത്തി. തൊട്ടുപുറകെയാണ് അന്പലപ്പുഴ പോലീസും ഇവിടെ എത്തിയത്.സുരേഷ് ബൈക്കിലെത്തുന്നത് നാട്ടുകാർ കണ്ടതായും പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് സുരേഷിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.
അറസ്റ്റിലായ ചിട്ടിക്കന്പനിയുടമയെ ഇന്ന് കോടതിയിൽ ഹാജരാക്കും
അന്പലപ്പുഴ: ദന്പതികൾ ചിട്ടി സ്ഥാപന ഉടമയുടെ വീടിനു മുന്നിൽ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ചിട്ടി സ്ഥാപന ഉടമയെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. അന്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വെളിയിൽ സുരേഷ് കുമാറിനെ (52)യാണ് അന്പലപ്പുഴ കോടതിയിൽ ഹാജരാക്കുക. ഇയാളുടെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇടുക്കി കീരിത്തോട് കുമരം കുന്നിൽ വേണു (54) ഭാര്യ സുമ (52) എന്നിവർ സുരേഷ് കുമാറിന്റെ അന്പലപ്പുഴയിലെ വീടിനു മുന്നിൽ വെച്ച് തീ പൊള്ളലേറ്റ് മരിച്ചത്. 2012 ൽ ബി ആൻഡ് ബിഎന്ന പേരിൽ സുരേഷ് കുമാർ ആരംഭിച്ച സ്ഥാപനത്തിൽ വേണു ചിട്ടിക്ക് ചേർന്നിരുന്നു. ഇതിൽ 3,52,20 രൂപ തിരികെ വേണുവിന് സുരേഷ് നൽകാനുണ്ടായിരുന്നു.
ഈ തുക നൽകണമെന്നാവശ്യപ്പെട്ട് പലതവണ വേണുവും ഭാര്യ സുമയും അന്പലപ്പുഴയിലെത്തി സുരേഷ് കുമാറിനെ കണ്ടിരുന്നു.പല പല അവധികൾ പറഞ്ഞ് സുരേഷ് കുമാർ ഇവരെ മടക്കി അയച്ചു. ഒടുവിൽ സുമയുടെ കോട്ടയത്തുള്ള ബന്ധുവിന്റെ മകളുടെ വിവാഹ ആവശ്യത്തിനായി സ്വർണ്ണം വാങ്ങി നൽകാനായാണ് സുരേഷ്കുമാറിൽനിന്നും പണം ചോദിച്ച് ഇരുവരും എത്തിയത്.
വീട്ടിലെത്തിയ ഇവരോട് പണം ഇല്ലെന്ന് പറഞ്ഞ് സുരേഷ് തന്റെ ബൈക്കിൽ കാറ്ററിംഗ് നടക്കുന്ന സ്ഥലത്തേക്ക് പോയപ്പോൾ വേണുവും സുമയും സ്വയം പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് അന്പലപ്പുഴ സി ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ തീ പൊള്ളലേറ്റ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അന്പലപ്പുഴ പോലീസിനോടും പിന്നീട് മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചപ്പോൾ ചികിത്സിച്ച ഡോക്ടറോടും വേണുവും സുമയും പറഞ്ഞത് സുരേഷും ഭാര്യ ഷൈലജയും മകൻ രൂപത് കൃഷ്ണനും ചേർന്ന് തങ്ങളെ പെട്രോളൊഴിച്ച് കത്തിച്ചുവെന്നാണ്.
എന്നാൽ ഇരുവരും നൽകിയ മരണ മൊഴി തെറ്റായിരുന്നെന്ന് സാഹചര്യതെളിവുകൾ, സാക്ഷിമൊഴികൾ, ഫോണ് കോൾ, ഫോറൻസിക് വിദ്ഗ്ദർ എന്നിവരിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്. ഇരുവരുടെയും മരണത്തിന് കാരണക്കാരനായ സുരേഷ് കുമാറിനെ ഐ പി സി 306 വകുപ്പു ചുമത്തി ആത്മഹത്യ പ്രേ രണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
വേണുവിന്റെ അധിക സാന്പത്തിക ബാദ്ധ്യതയാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയിരിക്കുന്നത് ശനിയാഴ്ച സുരേഷ് കുമാറിൽനിന്നും പണം കിട്ടുമെന്ന് പ്രതീക്ഷയിലായിലായിരുന്നു ഇരുവരും തങ്ങളുടെ കാറിൽ ഇടുക്കിയിൽ നിന്നെത്തിയത്. എന്നാൽ പണമില്ലെന്ന് പറഞ്ഞ് സുരേഷ് ഇവരെ അവഗണിച്ചതും ബന്ധുവിന് സ്വർണം നൽകാൻ കഴിയാതെ വരുന്നതിലുള്ള അപമാനവുമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം