പ്രകൃതി സൗഹൃദ കൃഷി: വിളവെടുപ്പ് ആരംഭിച്ചു

alp-krishiമങ്കൊമ്പ്: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു മുട്ടാര്‍ കൃഷിഭവന്‍ ആത്മ പദ്ധതിപ്രകാരം കിഴക്കേ മുണ്ടുവേലി പാടത്ത് നടപ്പിലാക്കിയ നെല്‍ക്കൃഷിയുടെ വിളവെടുപ്പാരംഭിച്ചു. മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം പുതുതായി പുറത്തിറക്കിയ ശ്രേയസ്് നെല്‍ വിത്തുപയോഗിച്ചുള്ള ആദ്യ കൃഷിയുടെ വിളവെടുപ്പുമായിരുന്നു നടന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്‍ നിര്‍വഹിച്ചു.

കീടനാശിനികള്‍ പൂര്‍ണമായും ഉപേക്ഷിച്ച് നടപ്പിലാക്കിയ കൃഷിയില്‍ വിതയും യന്ത്രസഹായത്തോടെയായിരുന്നു നടത്തിയിരുന്നത്. ഇതുമൂലം ഏക്കറൊന്നിന് 12 കിലോ വിത്തു മാത്രമാണ് കൃഷിക്കുപയോഗിച്ചിരിക്കുന്നത്. സാധാരണരീതിയില്‍ കുട്ടനാട്ടില്‍ ഏക്കറിനു അമ്പതുമുതല്‍ 60 വരെയാണ് വിത്തിന്റെ ഉപയോഗം. കീടങ്ങളെ നിയന്ത്രിക്കാന്‍ ട്രൈക്കോ കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇത് കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കാന്‍ സഹായകമായി.

മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ ആവശ്യത്തിനു മാത്രമാണ് രാസവളവും ഉപയോഗിച്ചിട്ടുള്ളത്. ഇത് ചെലവുചുരുക്കലിനും മണ്ണിലെ ജൈവസമ്പത്ത് നിലനിര്‍ത്തുന്നതിനും കാരണമായി. ഗ്രാമപഞ്ചായത്തംഗം എം.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവി ഡോ. എസ് ലീനാകുമാരി മുഖ്യപ്രഭാഷണം നടത്തി. ഡോ. ദേവിക, കൃഷി ഓഫീസര്‍ സി. ശ്രീകുമാരപണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts