അഡ്ലെയ്ഡ്: രോഗിയായ കുഞ്ഞുണ്ടെന്ന കാരണത്താൽ ഓസ്ട്രേലിയയിൽ നിന്നും നാടുകടത്തൽ ഭീഷണി നേരിട്ട മലയാളി കുടുംബത്തിന് ഒടുവിൽ ആശ്വാസം. സാമൂഹിക ഇടപെടലുകളെ തുടർന്ന് ഓസ്ട്രേലിയൻ സർക്കാർ കുടുംബത്തിന് പിആർ വീസ (പെർമനന്റ് വീസ) നൽകി. ഓസ്ട്രേലിയയിലെ മലയാളി കൂട്ടായ്മയും മാധ്യമങ്ങളും വിഷയം സർക്കാരിന്റെ മുന്നിലെത്തിച്ചതോടെയാണ് മനുഷ്യത്വപരമായ തീരുമാനമുണ്ടായത്.
അഡ്ലെയ്ഡിൽ ആറ് വർഷമായി താമസിക്കുന്ന കോതമംഗലം സ്വദേശികളായ മനു-സീന ദന്പതികളും ഇവരുടെ രണ്ടു മക്കളുമായിരുന്നു നാടുകടത്തൽ പ്രതിസന്ധി നേരിട്ടത്. ദന്പതികളുടെ മൂന്ന് വയസുകാരിയായ മകൾ മേരി ജോർജ് രോഗിയാണെന്ന കാരണത്താലായിരുന്നു ജൂണ്‍ മാസം അവസാനത്തിന് മുൻപ് രാജ്യംവിടണമെന്ന് അധികൃതർ ഇവരോട് ആവശ്യപ്പെട്ടിരുന്നത്. നാഡീവ്യൂഹത്തിന് തകരാർ സംഭവിച്ചു ജനിച്ച കുട്ടി ദിവസങ്ങളോളം വെന്റിലേറ്ററിൽ കിടന്ന ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഈ കുട്ടിയുടെ തുടർ ചികിത്സകൾ പുരോഗമിക്കുന്നതിനിടെ ഇവരോട് രാജ്യം വിടാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.
2011-ൽ സ്റ്റുഡന്റ് വീസയിൽ ഓസ്ട്രേലിയയിൽ എത്തിയ മനു വിവാഹശേഷം ഭാര്യ സീനയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മൂന്ന് വർഷം മുൻപ് ഓസ്ട്രേലിയയിൽ വച്ചാണ് മേരി ജനിക്കുന്നത്. മേരിയെക്കൂടാതെ ദന്പതികൾക്ക് 11 മാസം പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്. ഓസ്ട്രേലിയയിൽ നഴ്സായി ജോലി നോക്കുന്ന ഇരുവരും തൊഴിൽ ഉപേക്ഷിച്ച് മക്കളെയുംകൊണ്ട് നാടുവിടേണ്ടി വരുമോ എന്ന ഭയത്തിലായിരുന്നു.
ദുരിതത്തിലായ കുടുംബത്തെ സഹായിക്കാൻ മലയാളി സമൂഹം ഉൾപ്പടെ നിരവധി പേർ രംഗത്തെത്തി. സംഭവം വാർത്തയായതോടെ സർക്കാരിന്റെ അധികൃതരുടെയും ശ്രദ്ധയിൽ വിഷയം എത്തി. പിന്നീടാണ് ഇവർക്ക് പീആർ വീസ ലഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത്.