ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ അവസാന ഘട്ട പ്രവര്‍ത്തി തുടങ്ങിയതോടെ ജനങ്ങള്‍ക്കു വീണ്ടും ദുരിതകാലമായി. പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനായി ക്ഷേത്രനടക്ക് ചുറ്റുമുള്ള എല്ലാ റോഡുകളും ഒരേസമയം കുഴിച്ചിട്ടതോടെ വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത വിധം റോഡുകള്‍ അപകടക്കുഴികളായിമാറി. മഹാരാജ മുതല്‍ പടിഞ്ഞാറെനട വരെയുള്ള റോഡ് പൊളിച്ചിട്ടത് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കുന്നതിന് മുമ്പ് ഗുരുവായൂരിലെ പ്രധാന റോഡായ മഞ്ചുളാല്‍ മുതല്‍ സത്രംവരെയുള്ള റോഡും പൊളിച്ചു. ഇതോടൊപ്പം കൈരളി ജംഗ്ഷനിലും റോഡുകള്‍ കുഴിച്ചിട്ടു. ഇതോടെ കിഴക്കേനടയിലും പടിഞ്ഞാറെനടയിലും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി.
റോഡിന് നടുവിലെ കുഴികളില്‍ അകപ്പെട്ടുള്ള അപകട സാധ്യതയും ഈറോഡുകളില്‍ ഏറെയാണ്. മഹാരാജ മുതല്‍ പടിഞ്ഞാറെനടവരെയുള്ള റോഡില്‍ നിന്നുള്ള പൊടിയും മണ്ണും കാരണം ഈഭാഗത്തെ കച്ചവടക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഏറെ ദുരിതമാണ്. ഒരേസമയം എല്ലാറോഡുകളും പൊളിച്ചിട്ടതോടെയാണ് വീണ്ടും ജനങ്ങള്‍ ബുദ്ധിമുട്ടിലായിട്ടുള്ളത്. റോഡുകള്‍ പൊളിച്ചത് സഞ്ചാരയോഗ്യമാക്കിയതിനുശേഷം അടുത്ത റോഡ് പൊളിക്കണം എന്നായിരുന്നു യോഗ തീരുമാനം.എന്നാല്‍ എല്ലാ ഉറപ്പുകളും തീരുമാനങ്ങളും കാറ്റില്‍പ്പറത്തിയാണ് ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തി ആറുവര്‍ഷമായി നടക്കുന്നത്.