കോഴിക്കോട്: എഎവൈ, ബിപില്‍ കാര്‍ഡുടമകള്‍ക്ക് ഏപ്രില്‍മാസം മുതല്‍ റേഷനരി സൗജന്യമായി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സിന്റെ പ്രതിഷേധം. റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാതെയാണ് സര്‍ക്കാര്‍ നിര്ദേശമെന്നാരോപിച്ചാണ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ഏപ്രില്‍മാസത്തെ അലോട്ട്മെന്റ് എടുക്കേണ്ടതില്ലെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് തീരുമാനിച്ചു.
സൗജന്യമായി നല്കുന്ന അരി റേഷന്‍ കടകളില്‍ എത്തിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യമാണ് റേഷന്‍വ്യാപാരികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തീരുമാനമുണ്ടാക്കാതെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എപിഎല്‍, എപിഎല്‍ എസ്എസ് കാര്‍ഡുകള്‍ക്ക് അരി വിതരണം ചെയ്ത ഇനത്തില്‍ അഞ്ചുമാസത്തെ കമ്മീഷനും എഎവൈ അരി വിതരണം ചെയ്ത ഇനത്തില്‍ എട്ടുമാസത്തെ കമ്മീഷനും കുടിശികയാണ്. 5.4 കോടിയോളം രൂപയാണ് സര്‍ക്കാര്‍ റേഷന്‍വ്യാപാരികള്‍ക്കു നല്‍കാനുള്ളത്. അടിയന്തരമായി ഇതു വിതരണം ചെയ്യണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം. യോഗത്തില്‍ ടി.കെ. കുമാരന്, ടി. മുഹമ്മദലി, പി. പവിത്രന്, പുതുക്കോട് രവീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.