അട്ടപ്പാടിയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍കുറവ്; വിദ്യാര്‍ഥികള്‍ വലയുന്നു

TVM-RTCമണ്ണാര്‍ക്കാട്: മലയോര കുടിയേറ്റ മേഖലയായ അട്ടപ്പാടിയിലേക്ക് കെഎസ്ആര്‍ടിസി  ബസുകളുടെ കുറവുമൂലം വിദ്യാര്‍ഥികള്‍ വലയുന്നതായി പരാതി.  അട്ടപ്പാടി റൂട്ട് കെഎസ്ആര്‍ടിസി ബസുകള്‍ ദേശസാത്കരിച്ചതിനാലാണ് പ്രശ്‌നം രൂക്ഷമായത്.മണ്ണാര്‍ക്കാട്, തെങ്കര, ആനമൂളി, മുക്കാലി, കല്‍ക്കണ്ടി എന്നിവിടങ്ങളില്‍ നിന്നായി എണ്ണൂറോളം വിദ്യാര്‍ഥികളാണ് ദിനംപ്രതി അഗളി, ആനക്കട്ടി എന്നിവിടങ്ങളിലേക്ക് പോയിവരുന്നത്. ഡിപ്പോയില്‍നിന്നും എണ്ണൂറോളം  പാസുകളാണ് ഇഷ്യു ചെയ്തിരിക്കുന്നത്. എന്നാല്‍ സ്കൂള്‍ സമയത്ത് ഓടുന്നത് രണ്ടു ബസുകള്‍ മാത്രം.

വിദ്യാര്‍ഥികളുടെ തിരക്കുമൂലം ഈ ബസുകളില്‍ സാധാരണ യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. മണ്ണാര്‍ക്കാട്  കെഎസ്ആര്‍ടിസി  ഡിപ്പോയില്‍നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സര്‍വീസുകള്‍ മുടങ്ങുന്നതു പതിവാണ്.സ്‌പെയര്‍പാര്‍ട്‌സുകളുടെ കുറവാണ് പ്രതിസന്ധിക്കു കാരണമാകുന്നത്. കഴിഞ്ഞദിവസം നാലോളം സര്‍വീസുകളാണ് വെട്ടിക്കുറച്ചിരുന്നു.

മുന്‍കാലത്ത് സ്വകാര്യ ബസുകളെയാണ് അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ ആശ്രയിച്ചിരുന്നത്. അട്ടപ്പാടി പോളിടെക്‌നിക്, ഗവണ്‍മെന്റ് കോളജ്, സ്വകാര്യ പോളിടെക്‌നിക് കോളജുകള്‍ എന്നിവയിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും ഏറെ ക്ലേശമാണുള്ളത്. മണ്ണാര്‍ക്കാട്-ആനക്കട്ടി റൂട്ടില്‍ കൂടുതല്‍ ബസുകള്‍ വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

Related posts