ആലപ്പുഴ: തെരഞ്ഞെടുപ്പ് ചൂടിന്റെ മറവില്‍ ജില്ലയില്‍ വ്യാപകനിലംനികത്തലിന് നീക്കം. നികത്തലുകള്‍ കണ്ടെത്തി തടയുന്നതിനും നികത്തല്‍ സംബന്ധിച്ച പരാതികളുണ്ടാകുമ്പോള്‍ അന്വേഷണം നടത്തി നടപടിയെടുക്കുകയും ചെയ്യേണ്ട റവന്യു വകുപ്പ് തെരഞ്ഞെ ടുപ്പ് ചൂടിലായതോടെയാണ് ഭൂമാഫിയ നിലം നികത്തല്‍ തകൃതിയാക്കിയത്. വര്‍ഷങ്ങളായി തരിശുകിടക്കുന്നതും തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്നതതുമായ നിലങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് ചൂടിന്റെ മറവില്‍ ഭൂമാഫിയ ചരമക്കുറിപ്പെഴുതുന്നത്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായി നിലംനികത്തല്‍ ഏറെയും നടക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കുറഞ്ഞ വിലയ്ക്ക് ഭൂമാഫിയ സ്വന്തമാക്കിയ നിലങ്ങള്‍ തെരഞ്ഞെടുപ്പ് മറവില്‍ നികത്തി വന്‍ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.ഇതിന് റവന്യു വകുപ്പിലെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെയും ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്നും ആക്ഷേപമുണ്ട്.ആലപ്പുഴ നഗരത്തിന് തെക്കു ഭാഗത്തുള്ള ഒരു പാടം ഇത്തരത്തില്‍ നികത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ ഭൂമിയോട് ചേര്‍ന്ന പ്രദേശത്ത് പൂഴിയിറക്കിയ ശേഷം പാടം നികത്താനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.ഒരു വര്‍ഷത്തിന് മുന്‍പ് ഈ പാടം നികത്തി വില്പന നടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളില്‍ വിവാദമുയര്‍ന്നിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ആരോപണത്തില്‍ കഴമ്പുള്ളതായി കണ്ടെത്തുകയും നഗരസഭാംഗമായ പാര്‍ട്ടി നേതാവിനെതിരേ നടപടി സ്വീകരിക്കുകയും ചിലരെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.ഇതോടെ താല്കാലികമായി അവസാനിപ്പിച്ച നികത്തലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുനനാരംഭിച്ചിരിക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.സംഭവവുമായി നിലവിലെ നഗരസഭാംഗങ്ങളിലൊരാള്‍ക്ക് ബന്ധമുണ്ടെന്നും ആക്ഷേപമുണ്ട്. വ്യാപകമായ നിലംനികത്തലിനെതിരേ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്ക് പരാതി നള്‍കാനൊരുങ്ങുകയാണ് വിവിധ പ്രദേശങ്ങളിലെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും.