സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് അമിതവേഗത്തില്‍;അപകടഭീതിയില്‍ യാത്രക്കാര്‍

alp-busstandറാന്നി: ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലേക്ക് പിഎം റോഡിലൂടെ എത്തുന്ന ബസുകള്‍ അമിതവേഗത്തിലാണ് പ്രവേശിക്കുന്നതെന്നാക്ഷേപം. തിരക്കേറിയ ഇട്ടിയപ്പാറ ജംഗ്ഷനില്‍ ബസുകളുടെ പ്രവേശനകവാടം നാല്‍ക്കവലയാണ്. പുനലൂര്‍ – മൂവാറ്റുപുഴ റോഡും റാന്നി കോളജ്, ബംഗ്ലാംകടവ് റോഡും ബസ് സ്റ്റാന്‍ഡുമെല്ലാം സന്ധിക്കുന്ന ഭാഗത്ത് വണ്‍വേ റോഡുവഴി കടന്നുവരുന്നതും പിഎം റോഡുവഴി എത്തുന്നതുമായ ബസുകളുടെ വേഗം കുറയ്ക്കാന്‍ യാതൊരു നടപടിയുമില്ല. ബസുകളുടെ അമിതവേഗവും വഴിയോരക്കച്ചവടവും എല്ലാംകൂടി കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.എരുമേലി, കോട്ടയം, വെച്ചൂച്ചിറ, അത്തിക്കയം റൂട്ടിലെ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും വണ്‍വേ റോഡുവഴി സ്റ്റാന്‍ഡിലേക്കെത്തുന്ന ഇതര ബസുകളും ഒരേസ്ഥാലത്തുതന്നെയാണ് തിരിഞ്ഞ് സ്റ്റാന്‍ഡിലേക്കു കയറുന്നത്.

ഇടതുഭാഗത്തുകൂടി വരുന്ന ബസുകള്‍ റോഡ് ക്രോസ് ചെയ്‌തെങ്കില്‍ മാത്രമേ സ്റ്റാന്‍ഡിലേക്കു കയറാനാകൂ. നേരത്തെ ബസുകള്‍ ഈ ഭാഗത്തുകൂടിയാണ് ഇറങ്ങിപ്പൊയ്‌ക്കൊണ്ടിരുന്നത്. ഗതാഗതപരിഷ്കരണത്തിന്റെ ഭാഗമായാണ് മാറ്റമുണ്ടായത്. മറുഭാഗത്ത് ഇറങ്ങിപ്പോകുന്ന ബസുകളും റോഡ് മുറിച്ചുകടന്നുവേണം യാത്ര തുടരാന്‍. ബസുകള്‍ക്കൊപ്പം സ്വകാര്യ വാഹനങ്ങളും സ്റ്റാന്‍ഡിനുള്ളില്‍ കയറുന്നുണ്ട്. പഞ്ചായത്തിന്റെ പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെ ക്രമീകരിച്ചിരിക്കുന്നത് സ്റ്റാന്‍ഡിലാണ്. തിരക്കിനിടയില്‍ കുരുങ്ങുന്നത് വഴിയാത്രക്കാരാണ്. ഇവര്‍ക്കു നടന്നു നീങ്ങാനും അപകടം ഒഴിവാക്കി യാത്ര ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്.

രാവിലെയും വൈകുന്നേരവും വിദ്യാര്‍തികളടക്കം എത്തുമ്പോള്‍ സ്റ്റാന്‍ഡിന്റെ പ്രവേശനകവാടം തിരക്കില്‍ വീര്‍പ്പുമുട്ടുകയാണ്. സ്റ്റാന്‍ഡിലേക്കു വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ പലരും അപകടങ്ങളില്‍പെടുകയും ചെയ്യുന്നു. നേരത്തെ സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറ്റാന്‍ ബൈപാസ് റോഡില്‍ നിന്നു താത്കാലികമായി റോഡ് നിര്‍മിച്ചിരുന്നു. ഇതുവഴി സ്ഥിരമായി റോഡ് നിര്‍മിച്ചാല്‍ ഇട്ടിയപ്പാറയിലെയും സ്റ്റാന്‍ഡിനുള്ളിലെയും തിരക്ക് ഒഴിവാക്കാമായിരുന്നു. എന്നാല്‍ അതിനുള്ള ശ്രമം ഉണ്ടായില്ല.

Related posts