ആലപ്പുഴ: ഹരിപ്പാട് കുമാരപുരം സർവീസ് സഹകരണബാങ്ക് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസത്തെ ഹർത്താൽ ദിനത്തിൽ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവത്തിൽ ഹരിപ്പാട് സിഐ ടി. മനോജിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിളിച്ചു വരുത്തും. നവംബർ 13ന് ആലപ്പുഴ ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിൽ ഹാജരായി വിശദീകരണം സമർപ്പിക്കാനാണ് സിഐക്കു കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവ് നൽകിയത്.
സംഭവം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. കാർത്തികപ്പള്ളി കുമാരപുരം താമല്ലായ്ക്കൽ തെക്കുംമുറിയിൽ അശ്വതി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
അശ്വതിയുടെ ഭർത്താവ് അരുണിനെയാണ് പ്രത്യേക കാരണങ്ങൾ കൂടാതെ ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അഞ്ജുനാഥ് അരുണിൻറെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തത്. ജോലിയിൽ പ്രവേശിക്കുന്നതിനു മുന്പ് പൊതുപ്രവർത്തകനായിരുന്നു അരുണ്. ഹരിപ്പാട് എസ്ഐ രതീഷ് ഗോപിയും സിഐ ടി. മനോജും ചേർന്ന് അരുണിനെ ക്രൂരമായി മർദിച്ചു.
പോലീസുകാരായ സുനിൽ, സജൻ, സുനിൽ, സാഗർ, അഞ്ജുനാഥ് എന്നിവരും മർദനത്തിന് നേതൃത്വം നൽകിയതായി പരാതിയിൽ പറഞ്ഞു. അവശനായ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചിട്ടും പോലീസുകാർ തയാറായില്ല.
ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസിലും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊതുപ്രവർത്തകർ അരുണിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. സമ്മർദത്തെ തുടർന്ന് ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് ജീപ്പിൽ കയറ്റിയ അരുണിനെ വീണ്ടും മർദിച്ചു. തുടർന്ന് രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.