കെ. സുധാകരനെ കണ്ണൂരില്‍തന്നെ മത്സരിപ്പിക്കാന്‍ ആലോചന

knr-sudhakaranകണ്ണൂര്‍: കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന കെ. സുധാകരനെ കണ്ണൂര്‍ മണ്ഡലത്തില്‍തന്നെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ച് ആലോചന. സുധാകരന്‍ പുറത്തുപോയി മത്സരിക്കുന്നത് ജില്ലയിലെ മറ്റുമണ്ഡലങ്ങളിലെ വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലും സുധാകരനെ കണ്ണൂരില്‍തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന ഐ ഗ്രൂപ്പിന്റെ സമ്മര്‍ദവുമാണ് പുനരാലോചനയ്ക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നതെന്നറിയുന്നു.

കണ്ണൂരില്‍ മത്സരിക്കാനാണ് കെ. സുധാകരന്‍ ആദ്യം മുതല്‍ താത്പര്യം പ്രകടിപ്പിച്ചത്. എ.പി. അബ്ദുള്ളക്കുട്ടിയാണ് കണ്ണൂരിലെ സിറ്റിംഗ് എംഎല്‍എ. ഒരുപാട് തവണ മത്സരിക്കാത്ത ജയസാധ്യതയുള്ള സിറ്റിംഗ് എംഎല്‍എമാരെ മാറ്റേണ്ടതില്ലെന്ന നേതൃത്വത്തിന്റെ തീരുമാനവും സ്വയം ഒഴിയാന്‍ അബ്ദുള്ളക്കുട്ടിതയാറാകാത്തതുമാണ് മറ്റൊരു മണ്ഡലത്തെക്കുറിച്ച് സുധാകരന് ആലോചിക്കേണ്ടിവന്നത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമാണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ലീഡ് ലഭിച്ച മണ്ഡലമാണ് ഉദുമ. ഉദുമയില്‍ മത്സരിക്കാന്‍ തീരുമാനിച്ച സുധാകരന്‍ അവിടെയെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും കാണുകയും ഡിസിസി യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തതിരുന്നു.

കെ. സുധാകരന്റെ പ്രവര്‍ത്തനം കാസര്‍ഗോഡ് കേന്ദ്രീകരിക്കുന്നത് കണ്ണൂര്‍ ജില്ലയില്‍ തങ്ങള്‍ക്ക് നിലവിലുള്ള സ്വാധീനമില്ലാതാക്കുമെന്നു ഐ ഗ്രൂപ്പ് നേതൃത്വം ഭയക്കുന്നു. സുധാകരന്‍ മൂന്നുതവണ മത്സരിച്ചു ജയിച്ച മണ്ഡലമാണ് കണ്ണൂര്‍. ലോക്‌സഭയിലേക്കു മത്സരിക്കുന്നതിനായി എംഎല്‍എ സ്ഥാനം രാജിവച്ച സുധാകരന് അവകാശപ്പെട്ടതാണ് കണ്ണൂര്‍ മണ്ഡലമെന്ന് ജില്ലയിലെ ഡിസിസിയില്‍ വന്‍മേധാവിത്വമുള്ള സുധാകരപക്ഷവും ചൂണ്ടിക്കാട്ടുന്നു. കണ്ണൂരില്‍നിന്നു സുധാകരന്‍ മാറുന്നത് സിപിഎമ്മിന് ജില്ലയില്‍ ആധിപത്യമുറപ്പിക്കാന്‍ വഴിയൊരുക്കുമെന്ന വാദവും സുധാകരപക്ഷം ഉയര്‍ത്തുന്നുണ്ട്.

സുധാകരനെ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ പുനരാലോചന നടക്കുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡിന്റേതാകും അന്തിമ തീരുമാനം. സിറ്റിംഗ് സീറ്റായ കണ്ണൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ മത്സരിച്ചുതോറ്റതും കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ പരാജയവും സുധാകരനുള്ള മൈനസ്‌പോയിന്റുകളാണ്. പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് സുധാകരനോടുള്ള പരസ്യമായ എതിര്‍പ്പും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു വഴിമുടക്കിയായി നില്‍ക്കുന്നു.

ഉദുമയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സുധാകരന്‍ സ്വയം പ്രഖ്യാപിച്ചത് കെപിസിസി യോഗത്തില്‍ ചര്‍ച്ചയായിരുന്നു. കാസര്‍ഗോഡിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണനാണ് ഇക്കാര്യം കെപിസിസി യോഗത്തില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് ഉദുമയില്‍നിന്നു താന്‍ പിന്മാറുകയാണെന്ന സൂചനയും സുധാകരന്‍ നല്‍കിയിരുന്നു. ഉദുമയില്‍ സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ സതീശന്‍ പാച്ചേനിക്കാണ് സാധ്യത.  കണ്ണൂര്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ അബ്ദുള്ളക്കുട്ടിയെ തലശേരിയിലോ, തൃക്കരിപ്പൂരോ സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്നും അറിയുന്നു.

Related posts