കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലാവുകയും പിന്നീട് മൂന്നുമാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്ത നടന്‍ ദിലീപിനെ അനുകൂലിച്ചവര്‍ സിനിമാ മേഖലയില്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ അവസാനത്തെയാളായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. എന്തിനു വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടതെന്നാണ് പ്രതാപ് പോത്തന്‍ ചോദിക്കുന്നത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിന് പിന്നിലുണ്ടെന്നാണ് തോന്നുന്നത്. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ, പലര്‍ക്കും അസൂയ ഉണ്ടാകും.
എന്നെ കാണാന്‍ വരുന്ന ഒരു വനിതാ ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഞാന്‍ ദേഷ്യത്തില്‍ ഒരു മറുപടി നല്‍കിയെന്ന് കരുതുക, അടുത്ത നിമിഷം അവര്‍ പുറത്തിറങ്ങി ഇത്തരമൊരു ആരോപണമുന്നയിച്ചാല്‍ ഞാനും അകത്താകില്ലേ. സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്‍ ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോയെന്ന ചോദ്യത്തിന് രാധികയില്‍ നിന്നും വിവാഹമോചനം നേടിയ കാലത്ത് അതിന്റെ പ്രത്യാഘാതം നന്നായി അനുഭവിച്ചയാളാണ് താനെന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി. പക്ഷേ അതിനെ കുറിച്ചു തന്നെ ആലോചിച്ച് വിഷമിക്കാത്തതിനാല്‍ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ നിരാശയുമില്ല- പ്രതാപ് പോത്തന്‍ പറയുന്നു.